
തിരുവനന്തപുരം: ചെത്തുകാരന്റെ മകൻ ആണെന്ന് പറയുന്നത് അഭിമാനമുള്ള കാര്യമാണെന്നും അത് താൻ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് എംപി കെ സുധാകരൻ തനിക്കെതിരെ നടത്തിയ ജാതീയ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുധാകരൻ തന്നെ ആക്ഷേപിച്ചതായി കരുതുന്നില്ലെന്നും പരാമർശത്തിൽ അപമാനമോ ജാള്യതയോ തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തന്റെ അച്ഛനും സഹോദരനും ചെത്തുതൊഴിലാളികൾ തന്നെയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'തെറ്റായ കാര്യമായി ഞാൻ കാണുന്നില്ല. ചെത്തുകാരന്റെ മകനാണ് ഞാനെന്നത് ഞാൻ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്റെ മൂത്ത ജ്യേഷ്ഠൻ ചെത്തുകാരനായിരുന്നു. അദ്ദേഹം ഏകദേശം ആരോഗ്യമുള്ളിടത്തോളം വരെ ചെത്തുകാരനായി തന്നെ ജീവിച്ചിരുന്നു. രണ്ടാമത്തെ ജ്യേഷ്ഠനും ചെത്തുതൊഴിൽ അറിയാമായിരുന്നു. പക്ഷെ, അദ്ദേഹംപിന്നെ ബേക്കറി ജോലിയിലേക്കാണ് മാറിയത്. അതായിരുന്നു എന്റെ കുടുംബപശ്ചാത്തലം. അപ്പൊ അത്, ഒരു അഭിമാനമുള്ള കാര്യമായാണ് ഞാൻ കാണുന്നത്. യഥാർത്ഥത്തിൽ കർഷകരുടെ കുടുംബമാണ്. ചെത്തുതൊഴിലാളിയുടെ മകനെന്നത് ഏതെങ്കിലും തരത്തിൽ അപമാനമായി കാണുന്നില്ല.'-മുഖ്യമന്ത്രി പറയുന്നു.
സുധാകരൻ ബ്രണ്ണൻ കോളേജിൽ പഠിക്കാൻ വന്ന കാലം തൊട്ട് തനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് തന്നെയും അറിയാവുന്നതാണെന്നും ചെത്തുകാരന്റെ മകൻ എന്നുവിളിച്ചുകൊണ്ട് അദ്ദേഹം തന്നെ ആക്ഷേപിച്ചതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതെങ്ങനെയാണ് ആക്ഷേപമായി വരികയെന്നും താൻ ചെത്തുകാരന്റെ മകൻ തന്നെയാണല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മറ്റേതെങ്കിലും ദുർവൃത്തിയിൽ ഏർപ്പെട്ട മകനാണെന്ന് അത് ജാള്യതയായി വരുമെന്നും ആ പ്രശ്നം ഇവിടെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.