kottaram

 ഏറ്റെടുക്കൽ ₹155.8 കോടിയ്ക്ക്

കൊച്ചി: ബംഗളൂരു ആസ്ഥാനമായ മലയാളി സംരംഭമായ കൊട്ടാരം അഗ്രോ ഫുഡ്‌സിനെ (കെ.എ.എഫ്) ടാറ്റാ ഗ്രൂപ്പിലെ ടാറ്റാ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് 155.8 കോടി രൂപയ്ക്ക് ഏറ്റെടുക്കും. ഈവർഷം മാർച്ചോടെ ഏറ്റെടുക്കൽ നടപടി പൂർത്തിയാകും.

'സോൾഫുൾ" എന്ന ബ്രാൻഡിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും പോഷകസമ്പന്നമായ പ്രാതലും മറ്റ് വെൽനെസ് ഭക്ഷ്യോത്പന്നങ്ങളും ലഭ്യമാക്കുന്ന കൊട്ടാരത്തിന് ഇന്ത്യയിൽ മികച്ച വിപണി സാന്നിദ്ധ്യമുണ്ട്. ആലപ്പുഴ മങ്കൊമ്പ് കൊട്ടാരം കുടുംബാംഗവും 'ഹരിതവിപ്ളവത്തിന്റെ പിതാവ്" എന്നറിയപ്പെടുന്ന ഡോ.എം.എസ് സ്വാമിനാഥന്റെ ബന്ധുവുമായ പ്രശാന്ത് പരമേശ്വരൻ, രസിക പ്രശാന്ത്, ഡോ.കെ.കെ. നാരായണൻ, അമിത് സെബാസ്‌റ്റ്യൻ എന്നിവർ ചേർന്ന് 2013ൽ തുടങ്ങിയ സ്‌റ്റാർട്ടപ്പാണ് കെ.എ.എഫ്. 2019-20ൽ കമ്പനി 38.38 കോടി രൂപയുടെ വിറ്റുവരവ് നേടിയിരുന്നു.