
തിരുവനന്തപുരം: പൊഴിയൂർ മൽസ്യബന്ധന തുറമുഖത്തിന്റെ പേരിൽ നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ നടത്തുന്ന
വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ ആർ.സെൽവരാജ്. തുറമുഖത്തിന്റെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കുമെന്ന് കെ. ആൻസലൻ അവകാശപ്പെട്ടു. എന്നാൽ ഇത് യഥാർത്ഥ വസ്തുതകളെ മറച്ച് വെക്കുന്നതാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടി വിദ്യ മാത്രമാണ് ഇത്. തുറമുഖം നിർമ്മിക്കുന്നതിനായി അടിസ്ഥാനപരമായ പ്രധാന നടപടി ക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി ആഘാത പഠനം പോലും നടത്തിയിട്ടില്ല.പിന്നെങ്ങനെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുകയെന്നും സെൽവരാജ് ചോദിച്ചു.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച തുറമുഖ നിർമ്മാണ നടപടികളിൽ നിന്ന് ഒരടി പോകാൻ പോലും മുന്നോട്ട് പോകാൻ ആൻസലൻ എം.എൽ.എക്ക് കഴിഞ്ഞിട്ടില്ല. തുറമുഖ നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് തീരദേശ ഇടവകകൾ സംയുക്തമായി സമരപ്രഖ്യാപനം നടത്തിയിരുന്നു. തുടർന്ന് മന്ത്രിതലത്തിൽ ഉണ്ടായ ഇടപെടലിനെ തുടർന്ന് സമരം ആരംഭിക്കുന്നതിന് തലേദിവസം സമരം നിർത്തി വെയ്‌ക്കണം എന്നാവശ്യപ്പെട്ട് തുറമുഖ വകുപ്പ് ചീഫ് എൻജിനിയറുടെ സാന്നിധ്യത്തിൽ യോഗം നടത്തിയിരുന്നു. അടുത്ത വർഷം നിർമ്മാണ നടപടികൾ ആരംഭിക്കാമെന്ന് സർക്കാർ തലത്തിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരനടപടികൾ പിൻവലിച്ചിരുന്നു. എന്നാൽ എം.എൽ.എയും അധികൃതരും ഇക്കാര്യത്തിൽ യാതൊരു തുടർനടപടികളും സ്വീകരിച്ചിരുന്നില്ലെന്നും ശെൽവരാജ് ആരോപിച്ചു.