
ന്യൂഡൽഹി : കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. സത്യം പറയുന്നവരെ ദേശവിരുദ്ധരായും രാജ്യദ്രോഹികളായും മോദിസർക്കാർ മുദ്രകുത്തുകയാണെന്ന് രാജ്യസഭയിൽ അദ്ദേഹം ആരോപിച്ചു. അവകാശത്തിനുവേണ്ടി പോരാട്ടം നടത്തുന്ന കർഷകരെ ദേശവിരുദ്ധരായും ഖലിസ്ഥാനികളായും മുദ്രകുത്തുന്നു.
സത്യം എന്താണെന്ന് മനസിലാക്കാൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അഭ്യർത്ഥിക്കുന്നത് നാം കണ്ടു. എന്നാൽ കഴിഞ്ഞ ആറ് വർഷമായി നാം സത്യം എന്താണെന്ന് മനസിലാക്കുകയാണ്. അസത്യം സത്യമായി മാറുന്നു. സത്യം എഴുതുന്നവരെയെല്ലാം രാജ്യദ്രോഹികളായും ദേശവിരുദ്ധരായും ചിത്രീകരിക്കുന്നതാണ് ഇന്ത്യയിൽ നിലവിൽ ഉള്ളത്. സർക്കാരിനോട് ചോദ്യം ചോദിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണെന്നും ശശി തരൂർ, സഞ്ജയ് സിംഗ് എന്നീ എംപിമാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും പേരിലുള്ള കേസുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ആർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാം എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഗാർഹിക പീഡന കേസുകളിൽപ്പോലും രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. എന്നാൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് രഹസ്യ വിവരങ്ങൾ പുറത്തുവിടുന്നവരെ സർക്കാർ സംരക്ഷിക്കുന്നുവെന്നും അർണാബ് ഗോസ്വാമിയുടെയും ബാർക്ക് മുൻ സി.ഇ.ഒ പാർഥോ ദാസ്ഗുപ്തയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം ആരോപിച്ചു.
അർണാബ് ഗോസ്വാമിയേയും കങ്കണ റണാവത്തിനെയും പോലെയുള്ളവരെ ദേശസ്‌നേഹികളായാണ് മോദി സർക്കാർ ചിത്രീകരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തിന് പിന്നാലെ കർഷകർക്കെതിരേ200 ലേറെ കേസുകൾ എടുക്കുകയും നൂറോളം യുവാക്കളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുഖ്യപ്രതി ദീപ് സിദ്ദുവിനെ ഇപ്പോഴും കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.