
ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് മികച്ച നിലയിൽ (263/3)
നൂറാം ടെസ്റ്റിനിറങ്ങിയ ഇംഗ്ളണ്ട് ക്യാപ്ടൻ ജോ റൂട്ടിന് സെഞ്ച്വറി
ചെന്നൈ: ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് മികച്ച നിലയിൽ. നൂറാം ടെസ്റ്റ് കളിക്കുന്ന നായകൻ ജോ റൂട്ടിന്റെ തകർപ്പൻ സെഞ്ച്വറിയുടെ (പുറത്താകാതെ 128) പിൻബലത്തിൽ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഒന്നാം ദിനത്തെ കളയവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 263/3 എന്ന ശക്തമായ നിലയിലാണ്.
ഓപ്പണർ ഡോം സിബ്ലി (87) അർദ്ധ സെഞ്ച്വറിയുമായി റൂട്ടിന് മികച്ച പിന്തുണ നൽകി.
ഇന്ത്യൻ മണ്ണിൽ തന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനിറങ്ങിയ ജസ്പ്രീത് ബുംറയാണ് രണ്ട് വിക്കറ്റ് നേടി ഇന്ത്യയ്ക്ക് ചെറിയ ആശ്വാസം നൽകിയത്. ആർ.അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി.
സർപ്രൈസ് നദീം
ആസ്ട്രേലിയയിലെ ഐതിഹാസികമായ ടെസ്റ്റ് ജയത്തിന് ശേഷം കളിക്കാനിറങ്ങിയ ഇന്ത്യൻ ടീമിൽ നായകൻ വിരാട് കൊഹ്ലി തിരിച്ചെത്തി. ആസ്ട്രേലിയൻ മണ്ണിൽ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജിന് പകരം പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ ഇശാന്ത് ശർമ്മയും ഇന്ത്യയിൽ ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന ജസ്പ്രീത് ബുംറയുമാണ് പേസാക്രമണത്തിന് നിയോഗിക്കപ്പെട്ടത്.
പരിക്കേറ്റ അക്സർ പട്ടേലിന് പകരം ടീമിൽ ഉൾപ്പെടുത്തിയ ഷഹബാസ് നദീമിനെ അവസാന ഇലവനിൽ ഉൾപ്പെടുത്തിയത് സർപ്രൈസായി. കൈക്കുഴ സ്പിന്നർ കുൽദീപ് യാദവിനെ തഴഞ്ഞാണ് നദീമിന് അവസരം നൽകിയത്. ആർ.അശ്വിനും വാഷിംഗ്ടൺ സുന്ദറുമാണ് സ്പിൻ ഡിപ്പാർട്ട്മെന്റിലുള്ള മറ്റുള്ളവർ.
റൂട്ട് ക്ലിയർ
ശ്രീലങ്കയിൽ അവരെ തൂത്തുവാരിയതിന്റെ ആത്മ വിശ്വാസത്തിലെത്തിയ ഇംഗ്ലണ്ട് ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചിദംബരം സ്റ്റേഡിയത്തിലെ ഫ്ലാറ്റ് പിച്ചിൽ ഇന്ത്യൻ ബൗളർമാരെ ക്ഷമയോടെ നേരിട്ട ഓപ്പണർമാരായ റോറി ബേൺസും (33) സിബ്ലിയും 63 റൺസിന്റെ അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി.
ഇന്നിംഗ്സിലെ 24-ാം ഓവറിൽ അശ്വിനെതിരെ റിവേഴ്സ് സ്വീപിന് ശ്രമിച്ച ബേൺസിനെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പിടികൂടിയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. ഇതേ ടീം സ്കോറിൽത്തന്നെ പകരമെത്തിയ ഡാൻ ലോറൻസിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ബുംറ ഇന്ത്യൻ മണ്ണിൽ തന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് വിക്കറ്റ് നേടി ആതിഥേയർക്ക് മേൽക്കെ നൽകി. എന്നാൽ പകരമെത്തിയ റൂട്ട് സിബ്ലിക്കൊപ്പം ക്രീസിൽ വേരുറപ്പിച്ചതോടെ ഇംഗ്ലണ്ടിന്റെ വഴി ക്ലിയറാവുകയായിരുന്നു. ഇന്ത്യൻ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും മോശം പന്ത് തിരഞ്ഞെടുത്ത് ശിക്ഷിച്ചു.
മികച്ച ഫോമിലുള്ള റൂട്ട് സ്വിപ്പുകളും സ്ട്രോക്കുകളുമായി നങ്കൂരമിട്ടപ്പോൾ സിബ്ലി ക്യാപ്ടന് മികച്ച പിന്തുണ നൽകി. 160 പന്തുകളിൽ നിന്ന് 7 ഫോറുകളുടെ സഹായത്തോടെ സിബ്ലി അർദ്ധ ശതകം നേടി. തൊട്ടു പിന്നാലെ റൂട്ടും 110 പന്തുകളിൽ നിന്ന് ഫിഫ്റ്റിയിലെത്തി. അർദ്ധ സെഞ്ച്വറി നേടിക്കഴിഞ്ഞ് റൂട്ട് സ്കോറിംഗ് വേഗത കൂട്ടി. വൈകാതെ അദ്ദേഹം തന്റെ കരിയറിലെ ഇരുപതാമത്തതേയും തുടർച്ചയായ മൂന്നാമത്തേയും ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കി. ഇരുവരും മൂന്നാം വിക്കറ്റിൽ ഇരുന്നൂറ് റൺസാണ് കൂട്ടിച്ചേർത്തത്. ഇന്നലത്തെ അവസാന ഓവറിലെ മൂന്നാം പന്തിൽ സിബ്ലിയെ എൽബിയിൽ കുരുക്കി ബുംറയാണ് കൂട്ടുകെട്ട് പൊളിച്ചത്. ആ ബോളോടെ ഇന്നലത്തെ കളി നിറുത്തുകയായിരുന്നു. 212 പന്ത് നേരിട്ട സിബ്ലി 12 ഫോറുൾപ്പെടെ 87 റൺസ് നേടി. 197 പന്ത് നേരിട്ട് 14 ഫോറും 1 സിക്സും ഉൾപ്പെടെ 128 റൺസുമായി റൂട്ട് ക്രിസീലുണ്ട്.