
കൊൽക്കത്ത: ക്രൂരമായി പീഡിപ്പിച്ചശേഷം എട്ടുവയസുകാരിയെ ആളൊഴിഞ്ഞ കെട്ടിടത്തിലിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. കുട്ടിയുടെ പല്ലുകൾ അടിച്ച് കൊഴിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുടി വലിച്ചുപറിച്ച നിലയിലായിരുന്നു.കൊൽക്കത്തയിലെ ജോറബഗാനിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ബുധനാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഇന്നലെയാണ് കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബന്ധുക്കളെ സന്ദർശിക്കാനായാണ് മൂന്നാം ക്ലാസുകാരിയായ പെൺകുട്ടി ജോറബഗാനിലെ അമ്മാവന്റെ വീട്ടിലെത്തിയത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ പെൺകുട്ടിയെ കാണാതായി. പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ വ്യാഴാഴ്ച രാവിലെ അയൽക്കാരിലൊരാളാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു. പ്രതി പെൺകുട്ടിയെ അറിയുന്ന ആളായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുനിന്ന് രക്തം പുരണ്ട കത്തി, പെൺകുട്ടിയുടെ നാല് പല്ലുകൾ, തലമുടി എന്നിവ കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്ത് അടിപിടി ഉണ്ടായതിന്റെ അടയാളങ്ങളുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.