kpcc

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാ മുന്നൊരുക്കങ്ങളിലെ പുരോഗതി വിലയിരുത്താൻ ഇന്ന് കൊച്ചിയിൽ ഡി.സി.സി പ്രസിഡന്റുമാരുടെയും ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടെയും യോഗം ചേരും. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും, സംസ്ഥാനത്തെ മൂന്ന് മേഖലകളുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, ഐവാൻ ഡിസൂസ, പി. വിശ്വനാഥൻ എന്നിവരും പങ്കെടുക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത്, മണ്ഡലം തലങ്ങളിലെ പ്രവർത്തന പുരോഗതിയാണ് അവലോകനം ചെയ്യുക. ജനുവരി 26ന് നടന്ന, കേരളത്തിലെ എല്ലാ ബൂത്തുകളും പുനഃസംഘടിപ്പിക്കുന്ന എന്റെ ബൂത്ത്, എന്റെ അഭിമാനം കാമ്പെയിൻ എത്ര കണ്ട് പ്രയോഗതലത്തിലെത്തിക്കാനായെന്ന് പരിശോധിക്കും. നിർജ്ജീവമായ മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ ഘടനയിൽ വരുത്തിയ മാറ്റങ്ങളും, അതിന്റെ ഫലപ്രാപ്തിയും ഡി.സി.സി പ്രസിഡന്റുമാരുടെയും കെ.പി.സി.സി ജനറൽസെക്രട്ടറിമാരുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അവലോകനം ചെയ്യും.