
തിരുവനന്തപുരം: ചെത്തുകാരന്റെ മകനെന്നത് അഭിമാനമായാണ് താൻ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലെടുത്തു ജീവിക്കുന്ന ഒരാളിന്റെ മകനെന്നത് ഒരു തരത്തിലുമുള്ള അപമാനമോ ജാള്യമോ ആയി കാണുന്നില്ലെന്നും കെ.സുധാകരന്റെ അധിക്ഷേപത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
ചെത്തുകാരന്റെ മകനെന്ന് വിശേഷിപ്പിച്ചത് തെറ്റായി കാണുന്നില്ല. ചെത്തുകാരന്റെ
മകനാണെന്ന് ഞാൻ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്റെ മൂത്ത ജ്യേഷ്ഠൻ ചെത്തുകാരനായിരുന്നു. ആരോഗ്യമുള്ളിടത്തോളം കാലം ചെത്തുകാരനായി അദ്ദേഹം ജീവിച്ചിരുന്നു.രണ്ടാമത്തെ ജ്യേഷ്ഠനും ചെത്തുതൊഴിൽ അറിയാമായിരുന്നു. അദ്ദേഹം പിന്നീട് ബേക്കറിയിൽ പണിയെടുത്താണ് ജീവിച്ചത്. ഇതാണ് എന്റെ കുടുംബ പശ്ചാത്തലം. കർഷക കുടുംബമാണ്. ചെത്ത് ഏതെങ്കിലും തരത്തിൽ അപമാനമുണ്ടാക്കുന്ന കാര്യമായി കരുതുന്നില്ല. സുധാകരനെ ബ്രണ്ണൻ കോളേജിൽ പഠിക്കാൻ വന്ന കാലം മുതലറിയാം.എന്നെ അദ്ദേഹത്തിനുമറിയാം. ചെത്തുകാരന്റെ മകനെന്ന് വിളിച്ച് ആക്ഷേപിച്ചതായി ഞാൻ കരുതുന്നില്ല. അതെങ്ങനെയാണ് ആക്ഷേപമാവുക. ഞാൻ ചെത്തുകാരന്റെ മകനാണല്ലോ. അതിൽ അഭിമാനം കൊള്ളുന്ന ആളുമാണല്ലോ.മറ്റേതെങ്കിലും ഒരു ദുർവൃത്തിയിൽ ഏർപ്പെടുന്ന ആളിന്റെ മകനെന്ന് പറയുമ്പോൾ, മകന് അതിൽ ഉത്തരവാദിത്വമില്ലെങ്കിലും അല്പം ജാള്യം അനുഭവപ്പെടും. ഇത് തീർച്ചയായും അഭിമാനിക്കാവുന്നതാണ്.
സുധാകരന്റെ പരാമർശം സദുദ്ദേശപരമായിരുന്നില്ലല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ,പറഞ്ഞത് എന്തുദ്ദേശയ്ത്തിലാണെന്നതാണ് നോക്കേണ്ടതെന്നായിരുന്നു പിണറായിയുടെ മറുപടി. ഷാനിമോൾ ഉസ്മാനാണ് ആകെ പ്രശ്നമാക്കിയതെന്നാണ് സുധാകരൻ പറഞ്ഞതായി കാണുന്നത്.രമേശ് ചെന്നിത്തലയ്ക്ക് ആദ്യം തള്ളിപ്പറയേണ്ടി വന്നല്ലോ.അതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കുക. ഞാനെങ്ങനെ അതിനെ കാണുന്നുവെന്നാണ് ഞാൻ വ്യക്തമാക്കിയത്. എന്തു ജീവിതമാണ് ഞാൻ നയിക്കുന്നതെന്ന് എല്ലാവർക്കുമറിയാം.ഹെലികോപ്റ്റർ വാങ്ങിയതിനെച്ചൊല്ലിയുള്ള വിമർശനം ഇന്നത്തെ കാലത്തിന് അനുസൃതമല്ല. ഒരു പ്രത്യേക ദൗത്യത്തിനായാണ് ഹെലികോപ്റ്റർ വാങ്ങിയത്. ഹെലികോപ്റ്റർ ഉപയോഗിക്കുന്നത് പൊലീസാണ്.