bat

ഷാങ്ഹായ്: കൊവിഡ് വൈറസിന്റെ ഉറവിടം ചൈനയുടെ പരീക്ഷണശാലകളല്ലെന്ന് ലോകാരോഗ്യസംഘടന. ആദ്യം വുഹാനിലും പിന്നീട് ലോകം മുഴുവൻ കീഴടക്കിയ കൊവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്താൻ വുഹാനിലെത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചത്. വൈറസിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് പുതിയ സൂചന ലഭിച്ചതായും വൈറസിന്റ് ജനിതക ഘടകങ്ങളെ കുറിച്ച് വവ്വാലുകളുടെ കേന്ദ്രങ്ങളിൽ ഗവേഷണം നടത്തണമെന്നും ജന്തുശാസ്ത്രജ്ഞനും ജന്തുജന്യരോഗവിദഗ്ദ്ധനുമായ പീറ്റർ ഡസ്സാക് പറഞ്ഞു. എന്നാൽ വൈറസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.

ചൈനയിലെ പരീക്ഷണശാലകളാണ് കൊവിഡിന്റെ ഉറവിടമെന്ന് അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ പുതിയ പഠനഫലം.

കൊവിഡിന്റെ ഉത്ഭവത്തിന് വവ്വാല്‍ പോലെയുള്ള ഏതെങ്കിലും വന്യജീവികളുമായി ബന്ധമുണ്ടാകുമെന്ന് ഡസ്സാക്ക് പറയുന്നു. യഥാര്‍ഥ ഉറവിടം കണ്ടെത്തിയാല്‍ രോഗവ്യാപനത്തിന്റെ സാധ്യത കുറയ്ക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറസിനെ കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം പഠനസംഘത്തിന് ലഭിച്ചതായാണ് ഡസ്സാക് നല്‍കുന്ന വിവരം.

രോഗത്തിന്റെ ആരംഭത്തിന് ചിലപ്പോള്‍ വര്‍ഷങ്ങൾ പഴക്കമുണ്ടാകാമെന്നും ഡസ്സാക് പറയുന്നു. ലോകാരോഗ്യസംഘടന നിയോഗിച്ച സംഘം ആശുപത്രികള്‍, ലാബുകള്‍, ആദ്യം കൊവിഡ് വ്യാപിച്ച മത്സ്യവിപണനകേന്ദ്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സംഘത്തിന്റെ സന്ദര്‍ശനത്തില്‍ ചൈനീസ് അധികൃതര്‍ വിമുഖത പ്രകടിപ്പിച്ചിട്ടില്ലെന്നും ഡസ്സാക് പറഞ്ഞു. 2002-2003 കാലത്തെ സാര്‍സ് രോഗത്തിന്റെ ഉറവിടത്തെക്കുറിച്ച് യുനാന്‍ പ്രവിശ്യയിലെ വുഹകളില്‍ പഠനം നടത്തിയ വിദഗ്ദ്ധരില്‍ ഡസ്സാക്കും ഉള്‍പ്പെട്ടിരുന്നു.