
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനേഷൻ ഏറ്റവും വേഗത്തിൽ നടത്തിയ രാജ്യമായി ഇന്ത്യ. രാജ്യത്ത് കൊവിഡ് വാക്സിനേഷൻ നടത്തിയവരുടെ എണ്ണം 50 ലക്ഷം കടന്നു. . 21 ദിവസം കൊണ്ടാണ് അരക്കോടിപ്പേർക്ക് കുത്തിവയ്പ്പെടുത്തത്.  ലോകത്ത് ഏറ്റവും വേഗത്തിൽ കൊവിഡ് കുത്തിവെയ്പ് നടത്തുന്ന രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇതുവരെ 52,90,474 പേരാണ് കുത്തിവെയ്പ് സ്വീകരിച്ചത്. ഇന്നുമാത്രം മൂന്നുലക്ഷത്തിലധികം പേരാണ് വാക്സിനേഷന് വിധേയമായത്. 21 ദിവസത്തിനിടെ അതിവേഗത്തിലാണ് 50 ലക്ഷം എന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അമേരിക്കയിൽ ഇത് 24 ദിവസം കൊണ്ടാണ് പിന്നിട്ടത്. ബ്രിട്ടനിൽ 43 ഉം ഇസ്രായേലിൽ ഇത് 45 ഉം ദിവസമാണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി 16ന് ആരംഭിച്ച ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. രണ്ടുകോടിയിലേറെ മുന്നണിപ്പോരാളികൾക്കുള്ള രണ്ടാംഘട്ടം പുരോഗമിക്കുകയാണ്. 50 വയസിന് മുകളിലുള്ളവർക്കും ഗുരുതര രോഗബാധിതർക്കുമുള്ള മൂന്നാംഘട്ട വാക്സിനേഷൻ മാർച്ചിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പാർലമെന്റിൽ അറിയിച്ചിരുന്നു.