
മുംബയ്: ഇത്തവണത്തെ ഇന്ത്യൻ പ്രിമിയർ ലീഗ് താരലേലത്തിനായി വിലക്ക് മാറി തിരിച്ചെത്തിയ എസ്.ശ്രീശാന്തുൾപ്പെടെ 1097 താരങ്ങൾ രജിസ്റ്റർ ചെയ്തു. ഈമാസം 18ന് ചെന്നൈയിലാണ് ലേലം. 75 ലക്ഷമാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ജോ റൂട്ട് എന്നീ പ്രമുഖർ ലേലത്തിന് പേര് രജിസ്റ്റർ ചെയ്തില്ല.വിലക്ക് മാറിയ ബംഗ്ലാദേശിന്റെ ഷാക്കിബുൾ ഹസ്സനും ലേലത്തിനുണ്ട്. 1097 താരങ്ങളിൽ 814 പേർ ഇന്ത്യൻ താരങ്ങളാണ്. 283പേർ വിദേശിയരും.186പേർ അന്താരാഷ്ട്ര തലത്തിൽ കളിച്ചവരാണ്. ഓരോ ടീമിനും പരമാവധി 25 താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്താവുന്നത്. ലേലത്തിലൂടെ പരമാവധി 61 താരങ്ങൾക്കാണ് ടീമുകളിൽ ഇടം നേടാൻ അവസരം ലഭിക്കുക. 22 വിദേശ താരങ്ങൾക്കാണ് ലേലത്തിലൂടെ ഇത്തവണ ടീമുകളിലെത്താനാവുന്നത്.
സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തിയ ശ്രീശാന്തിന് 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. 2013ലാണ് ശ്രീശാന്ത് അവസാനമായി ഐ.പി.എല്ലിൽ കളിച്ചത്. രാജസ്ഥാൻ റോയൽസിലായിരുന്നു അന്ന് ശ്രീ.
ഷാക്കിബിന് രണ്ട് കോടിയാണ് അടിസ്ഥാന വില. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറും ലേലത്തിന് പേര് ചേർത്തിട്ടുണ്ട്. 20 ലക്ഷം രൂപയാണ് അർജുനിന്റെ അടിസ്ഥാന വില.
വെസ്റ്റിൻഡീസിൽ നിന്നാണ് ഇത്തവണ ഏറ്റവും അധികം വിദേശ കളിക്കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 56 പേർ. ആസ്ട്രേലിയയിൽ നിന്ന് 42ഉം ദക്ഷിണാഫ്രിക്കയിൽ നിന്ന് 38 പേരുമുണ്ട്. ആസ്ട്രേലിയയിൽ ഇന്ത്യയ്ക്ക് ഐതിഹാസിക ടെസ്റ്റ് വിജയം സമ്മാനിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ചേതേശ്വർ പുജാരയും (50 ലക്ഷം), ഹനുമ വിഹാരിയും (1കോടി) ലേലത്തിനുണ്ട്.
അഫ്ഗാന്റെ 16 വയസുകാരനായ ലെഫ്റ്റ്ആം സ്പിന്നർ നൂർ അഹമ്മദ് ലകൻവാലാണ് ലേലത്തിന് രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞതാരം.