
പുതുച്ചേരി: പണം തന്നാൽ പ്രധാനമന്ത്രി മോദിയെ കൊലപ്പെടുത്താമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ പിടികൂടി പൊലീസ്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ പുതുച്ചേരി സ്വദേശി സത്യാനന്ദത്തെയാണ്(43) വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 'ആരെങ്കിലും അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഞാന്‍ കൊല്ലാന്‍ തയ്യാര്‍'-എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇയാളുടെ ഈ പോസ്റ്റിനെ കുറിച്ച് ഒരു കാർ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് സത്യാനന്ദത്തിന്റെ ഫേസ്ബുക്ക് ഐഡി ട്രേസ് ചെയ്തുകൊണ്ട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ആര്യന്‍കുപ്പം ഗ്രാമവാസിയാണ് സത്യാനന്ദം. കോടതിയില്‍ ഹാജരാക്കിയ സത്യാനന്ദത്തെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 505 (1), 505 (2) എന്നീ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊതുസമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുക, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ദുരുദ്ദേശപരമായി ശത്രുതയും വിദ്വേഷവും പരത്താന്‍ ശ്രമിക്കുക എന്നിവയുള്‍പ്പെടുന്നതാണ് ഇയാൾക്കുമേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ.