
1962 മുതൽ പട്ടാളഭരണത്തിൻ കീഴിൽ ഞെരിഞ്ഞമരുന്ന മ്യാൻമറിനെ രക്ഷിക്കാൻ പിറന്ന നീതിദേവതയായാണ് ലോകം ങ്‌സാൻ സൂചിയെ കണ്ടത്. ബുദ്ധമത വിശ്വാസിയായ അഹിംസാവാദിയായ സൂചി. ജനാധിപത്യത്തിനു വേണ്ടി ഗാന്ധിയൻ ശൈലിയിൽ പോരാടിയ സ്ത്രീത്വം. മഹാത്മാഗാന്ധിയുടെ യഥാർത്ഥ ശിഷ്യയായും ഏഷ്യയിലെ നെൽസൻ മണ്ടേലയായും അവർ വാഴ്‌ത്തപ്പെട്ടു. 1991 ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം സൂചിയെ തേടിയെത്തി. മ്യാൻമറിലെ ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കുമായി നടത്തിയ സഹന സമരം സൂചിയെ 15 വർഷത്തോളം തടവിലടച്ചു. എന്നിട്ടും നിലപാടുകളിൽ നിന്ന് അവർ വ്യതിചലിക്കാത്തത് ലോകം ആദരവോടെ നോക്കിക്കണ്ടു. അവരുടെ മോചനത്തിനായി ലോകരാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും മുറവിളികൂട്ടി. മ്യാൻമർ ജനത സൂചിക്കായി ശബ്ദമുയർത്തി. ഒടുവിൽ 2010 നവംബറിൽ മ്യാൻമറിലെ പട്ടാള ഭരണകൂടം ഇവരെ മോചിപ്പിച്ചു.
2015ൽ ഓങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള ആദ്യ ജനാധിപത്യ സർക്കാർ അധികാരത്തിലേറി. പക്ഷേ, രോഹിൻഗ്യൻ ജനതയ്‌ക്കെതിരെ മ്യാൻമറിൽ നടന്ന വംശഹത്യ ലോകമനസാക്ഷിയെ ഞെട്ടിച്ചു. അതിലും ഹൃദയഭേദകമായത് മനുഷ്യത്വത്തിന്റെ പ്രതീകമെന്ന് ധരിച്ചിരുന്ന സൂചിയുടെ മൗനമാണ്. ലോക മനഃസാക്ഷിയെ കൊളുത്തിവലിക്കുന്ന രോഹിൻഗ്യൻ പ്രശ്‌നത്തിലെ മൗനം സൂചിയുടെ പ്രതിഛായ ഇടിച്ചു.
രോഹിൻഗ്യകൾക്കെതിരായ മനുഷ്യാവകാശ ധ്വംസനങ്ങൾ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ തീവ്രവാദവും ഭീകരപ്രവർത്തനവും വളരാൻ അതു സാഹചര്യമൊരുക്കുമെന്നു 2016 ആഗസ്റ്റിൽ യു.എൻ സെക്രട്ടറി കോഫി അന്നന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
പക്ഷേ, സൂചിയുടെ ഗവൺമെന്റ് ചെറുവിരൽ അനക്കിയില്ല. അതിനുശേഷം രോഹിൻഗ്യകൾക്കെതിരായ സൈനിക നടപടി രൂക്ഷമാവുകയാണ് ചെയ്തത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സൈന്യം രോഹിൻഗ്യൻ വംശജർക്കു നേരെ നടത്തുന്ന വംശീയ ഉന്മൂലനത്തെ ഒരു വാക്കുകൊണ്ടു പോലും സൂചി എതിർത്തില്ല. ഒരു കാലത്ത് സമാധാനത്തിന്റെ പ്രതീകമായിപ്പോലും വാഴ്‌ത്തപ്പെട്ട സൂചിയുടെ പ്രതിച്ഛായ ഇതോടെ അന്താരാഷ്ട്രതലത്തിൽ തിരിച്ചടി നേരിട്ടെങ്കിലും മ്യാൻമറിൽ സ്വീകാര്യത വർദ്ധിച്ചുവെന്നാണ് നവംബറിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
ബർമഗാന്ധിയുടെ മകൾ
ബർമയിലെ സ്വാതന്ത്ര്യസമരപോരാളിയും ആധുനിക ബർമയുടെ പിതാവ്, ബർമാഗാന്ധി എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ജനറൽ ഓങ് സാന്റെയും മാ കിൻ ചിയുടെയും മകളായി 1945 ജൂൺ 19 യങ്കൂണിൽ (പഴയ റങ്കൂൺ) ആങ് സാൻ സൂചി ജനിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മോചനം നേടാനായി ബർമ ഇൻഡിപെൻഡന്റ് ആർമി സ്ഥാപിച്ച് ജപ്പാന്റെ സഹായത്താൽ പോരാടിയ ജനറൽ ഓങ് സാൻ, സൂചിക്ക് രണ്ടു വയസുള്ളപ്പോൾ വെടിയേറ്റ് കൊല്ലപ്പെട്ടു. 1948 ജനുവരി നാലിന് ബർമ സ്വതന്ത്രയായി. മെതഡിസ്ററ് ഇംഗ്ളീഷ് ഗേൾസ് ഹൈസ്‌കൂളിലായിരുന്നു സൂചിയുടെ സ്‌കൂൾ വിദ്യാഭ്യാസം. 1960 ൽ മാതാവ് ഇന്ത്യയിലെ അംബാസിഡറായി നിയമിതയായതിനെത്തുടർന്ന് മാതാവ് മാ കിൻ ചിയ്ക്കൊപ്പം ഡൽഹിയിൽ താമസമായി. ഡൽഹി ലേഡി ശ്രീ റാം കോളേജിൽ ചേർന്ന സൂചി 1964ൽ ബിരുദമെടുത്തു. പിന്നീട് ഓക്സ്‌ഫോഡിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും, രാജ്യതന്ത്രത്തിലും തത്വശാസ്ത്രത്തിലും ബിരുദം നേടി. 1972 ൽ ഭൂട്ടാനിൽ താമസമാക്കിയ മൈക്കിൾ ഏറിസിനെ വിവാഹം കഴിച്ചു. രണ്ട് ആൺമക്കൾ, അലക്‌സാൻഡർ, കിം.
അമ്മയെ പരിചരിക്കാനെത്തി, സമരത്തിൽ പങ്കാളിയായി
രാജ്യത്തിന്റെ ഭാഗമായി രോഗബാധിതയായി കഴിയുന്ന അമ്മയെ പരിചരിക്കാൻ 1988 ലാണ് സൂചി ബർമയിൽ തിരിച്ചെത്തിയത്. അന്ന് സൈനിക ഭരണകൂടം ജുന്റയാണ് ഭരണത്തിൽ. അതിനെതിരെ ജനരോഷം ഇരമ്പുകയായിരുന്നു. ഗാന്ധിയുടെ അഹിംസാ തത്വത്തിൽ പ്രചോദിതയായി സൂചി ജുന്റയ്‌ക്കെതിരായുള്ള സമരത്തിൽ പ്രവർത്തിച്ചു. 1988 സെപ്തംബർ 27ന് ജുന്റയ്‌ക്കെതിരായി നാഷണൽ ലീഗ് ഫോർ ഡെമോക്രസി എന്ന മുന്നണി സ്ഥാപിച്ചു. 1989 ജൂലായ് 20 ന് പട്ടാളഭരണം വീട്ടുതടങ്കലിലാക്കി. 'രാജ്യം വിട്ടുപോയാൽ സ്വതന്ത്രയാക്കാം' എന്നായിരുന്നു വ്യവസ്ഥ. പക്ഷേ, സൂചി വഴങ്ങിയില്ല. 1990-ലെ തിരഞ്ഞെടുപ്പിൽ 'നാഷണൽ ലീഗ് ഫോർ ഡെമോക്രസി ' വൻ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ജുന്റ ഭരണം വിട്ടുകൊടുത്തില്ല. 1995-ൽ വീട്ടുതടങ്കിൽ നിന്ന് മോചിതയായി എങ്കിലും കുടുംബത്തെ സന്ദർശിക്കാൻ ബർമ്മ വിട്ടുപോയാൽ തിരിച്ചു വരാൻ അനുവദിക്കില്ല എന്ന് ജുന്റ ഭരണകൂടം വ്യക്തമാക്കി. 1997 ഭർത്താവ് മൈക്കിൾ രോഗബാധിതനായി കിടപ്പിലായപ്പോഴും അദ്ദേഹത്തെ പരിചരിക്കാൻ ലണ്ടനിൽ പോയാൽ തിരിച്ചുവരാനുള്ള വിസ ജുന്റ ഭരണകൂടം നിഷേധിച്ചു. പിന്നീട് സൂചി അദ്ദേഹത്തെ കണ്ടില്ല. മൈക്കിൾ 1999 മാർച്ചിൽ ലോകത്തോട് വിടവാങ്ങി. അവസാനമായി പ്രിയതമനെ ഒരു നോക്ക് കാണാൻ പോലും സൂചിക്കായില്ല.
പട്ടാളം ഉരുക്കുമുഷ്ടി പ്രയോഗിച്ചപ്പോൾ
അരനൂറ്റാണ്ടുകാലത്തെ പട്ടാളഭരണത്തിനുശേഷം ജനാധിപത്യത്തിലേക്ക് പിച്ചവച്ചു തുടങ്ങിയ മ്യാൻമറിലെ ജനാധിപത്യം ഫെബ്രുവരി ഒന്നിലെ സൈനിക അട്ടിമറിയോടെ വീണ്ടും അനിശ്ചിതത്വത്തിലായി. നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ രണ്ടാംവട്ടവും മ്യാൻമറിൽ വൻഭൂരിപക്ഷത്തിൽ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.പി) വീണ്ടും അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്റ് യോഗം ചേരേണ്ടിയിരുന്ന ഫെബ്രുവരി ഒന്നിന് പുലർച്ചെയാണ് പട്ടാളം അട്ടിമറി നടന്നത്. 1989-ന്റെ തനിയാവർത്തനം പോലെ ആങ് സാങ് സൂചിയെ തടവിലാക്കി. സൈനിക മേധാവി മിൻ ഓങ് ലേയിങ് രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുത്തു. രാജ്യത്ത് ഒരു വർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പിലെ ക്രമക്കേടല്ല, മറിച്ച് ഭരണാധികാരിയാകാനുള്ള സൈനികമേധാവി ലേയിങ്ങിനുള്ള താത്പര്യമാണ് അട്ടിമറിക്കു പിന്നിലെ പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. 2011 മുതൽ കരസേനാമേധാവിയായ 64-കാരനായ ഹേലിങ് ജൂലായിൽ വിരമിക്കേണ്ടതാണ്. ഹേലിങ് തുടർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ നീക്കത്തെ സൂചി ശക്തമായി എതിർത്തിരുന്നു. സൂചിയെ തടവിലാക്കിയതോടെ ഒരു വർഷത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി യു.എസ്.ഡി.പി.യെ അധികാരത്തിലെത്തിക്കുകയും അതിലൂടെ പ്രസിഡന്റ് പദവി നേടാനുമായിരിക്കും ലേയിങ്ങിന്റെ ഇനിയുള്ള ശ്രമം.