lorry

തിരുവനന്തപുരം:സംസ്ഥാനത്ത് ചരക്കുലോറി വാടക വർദ്ധിപ്പിക്കാനൊരുങ്ങി ലോറി ഉടമകൾ. ഡീസൽ വില കൂട്ടിയ സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡീസലിന് പതിനഞ്ച് രൂപയോളമാണ് കൂട്ടിയത്. ഈ സാഹചര്യത്തിൽ വില കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്നാണ് ഉടമകൾ പറയുന്നത്.


പതിനഞ്ച് ശതമാനമെങ്കിലും വില വർദ്ധിപ്പിക്കുമെന്നാണ് സൂചന. നികുതി ഒഴിവാക്കി ഇന്ധന വില പിടിച്ചു നിർത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് ലോറി ഉടമകൾ ആവശ്യപ്പെടുന്നു. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞദിവസം പെട്രോൾ, ഡീസൽ വില കൂട്ടിയിരുന്നു.

ഇന്ധനവില കുറയണമെങ്കിൽ എക്‌സൈസ് നികുതി കുറയ്ക്കണം. 2014ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന് എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നു. ഇപ്പോൾ 32.98 രൂപ. ഡീസലിന് 3.56 രൂപയായിരുന്നത് 31.83ലെത്തി. ബഡ്‌ജറ്റിൽ എക്‌സൈസ് നികുതി കുറച്ചെങ്കിലും ആനുപാതികമായി കാർഷിക സെസ് ഏർപ്പെടുത്തിയതിനാൽ വില മാറിയില്ല. പെട്രോൾ വിലയുടെ 39%, ഡീസലിന്റെ 42.5% നികുതിയാണ്.