
കൊച്ചി: ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധവുമായി കെ സി ബി സി രംഗത്ത്. യൂറോപ്പിലെ പളളികൾ പലതും വ്യാപാര കേന്ദ്രങ്ങളും ബാറുകളുമായി മാറിയെന്ന ചാണ്ടി ഉമ്മന്റെ പ്രസംഗത്തിലെ പരാമർശത്തിലാണ് കെ സി ബി സിയുടെ പ്രതിഷേധം. യൂത്ത് ലീഗ് സംഘടിപ്പിച്ച വേദിയിലായിരുന്നു വിവാദ പ്രസംഗം. യുവ നേതാക്കൾ ചരിത്രം അറിയാതെ നടത്തുന്ന പ്രസംഗം ക്രൈസ്‌തവ സമൂഹത്തിന് വേദനയുണ്ടാക്കിയെന്ന് കെ സി ബി സി വ്യക്തമാക്കി.
ഹലാൽ സ്റ്റിക്കർ വിവാദത്തിലാണ് യൂത്ത് ലീഗ് പരിപാടി സംഘടിപ്പിച്ചത്. തുർക്കിയിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ പളളി പൊളിച്ച് മുസ്ലീം പളളിയാക്കിയിട്ടുണ്ടെന്നും പളളികൾ ഡാൻസ് ബാറുകൾ വരെയായിട്ടും ആർക്കും പ്രശ്‌നമില്ലെന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ചാണ്ടി ഉമ്മന് തലവേദനയായി മാറിയിരിക്കുകയാണ് കെ സി ബി സി നിലപാട്. എന്നാൽ തുർക്കി ഭരണാധികാരി നടത്തിയ പ്രവർത്തി ക്രൈസ്‌തവ സമൂഹത്തിന് അപരിഹാര്യമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയതെന്നാണ് കെ സി ബി സി മറുപടിയിൽ പറഞ്ഞത്.
യു ഡി എഫിൽ നിന്ന് ക്രിസ്തീയ വിഭാഗങ്ങൾ അകലുന്നുവെന്ന പ്രചാരണം നിലനിൽക്കെയാണ് ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗവും പുറത്തുവന്നത്. സാമൂഹ്യ മാദ്ധ്യമങ്ങൾ പ്രസംഗത്തിന് സി പി എമ്മുകാർ വലിയ പ്രചാരണമാണ് നൽകുന്നത്.