
മലപ്പുറം: സംസ്ഥാനത്ത് പിൻവാതിൽ നിയമന മേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനധികൃത നിയമനങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു ഐശ്വര്യ കേരള യാത്രയ്‌ക്കിടെ ചെന്നിത്തലയുടെ വാർത്താസമ്മേളനം. കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എം എൽ എയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. പിന്നീട് കോഴിക്കോട് സർവകലാശാലയിൽ നിയമനം നേടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. കോലിയക്കോട് കൃഷ്‌ണൻ നായരുടെ സഹോദരി പുത്രന്റെ നിയമന വിവാദവും ഈ സർക്കാരിന്റെ കാലത്താണ് നടന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുൻ എം പി ടി എൻ സീമയുടെ ഭർത്താവിനെ സി ഡിറ്റ് ഡയറക്‌ടറാക്കിയത് വിവാദമായപ്പോൾ രാജിവച്ച് പോകേണ്ടി വന്നു. മനോജ് കുമാറിനെ ബാലവകാശ കമ്മിഷൻ അദ്ധ്യക്ഷനാക്കിയതും ഈ സർക്കാരാണ്. വിജയരാഘവന്റെ ഭാര്യയെ കേരളവർമ്മ കോളേജിന്റെ വൈസ് പ്രിൻസിപ്പൾ ആക്കിയതിനെ തുടർന്ന് പ്രിൻസിപ്പൾ തന്നെ രാജിവച്ച് പോയി. കോടിയേരിയുടെ ഭാര്യാസഹോദരൻ, ഇ കെ നായനാരുടെ കൊച്ചുമകൻ, ആനത്തലവട്ടം ആനന്ദന്റെ മകൻ, കോലിയക്കോട് കൃഷ്‌ണൻ നായരുടെ മകൻ, എം എം ലോറൻസിന്റെ അടുത്ത ബന്ധു, വരദരാജന്റെ മകൻ അടക്കം ലിസ്റ്റ് നീണ്ടുകൊണ്ടിരിക്കുകയാണ്. പി കെ ശശിയുടെ മകന്റെ നിയമനം കിൻഫ്രയിൽ അനധികൃതമായാണ് നടന്നത്. യോഗ്യതയില്ലാത്തവരെ കിൻഫ്രയിൽ തിരുകി കയറ്റുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
ലീഗിനെ സി പി എം ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ഇത് തുടങ്ങിവച്ചത് മുഖ്യമന്ത്രിയാണ്. ബി ജെ പിയെക്കാളും ശക്തമായി സി പി എം എതിർക്കുന്നത് ലീഗിനെയാണ്. മതേതര ജനാധിപത്യ പാർട്ടിക്കെതിരെ നടക്കാൻ പാടില്ലാത്തതാണ് നടക്കുന്നത്. ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുളള പ്രചാരണത്തിന് സാദ്ധ്യതയില്ലെന്ന് കണ്ടുകൊണ്ടാണ് പച്ചയായ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നത്. നാല് വോട്ടിന് വേണ്ടി ഏത് വർഗീയ വികാരവും ഇളക്കി വിടാൻ മടിയില്ലാത്ത പാർട്ടിയാണ് സി പി എം എന്ന് ഈ പ്രചാരണങ്ങൾ തെളിയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയുടെ കാര്യത്തിൽ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണ്. സർക്കാർ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. മുൻ നിലപാട് തിരുത്തിയോയെന്ന് അറിയണം. കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുകയാണോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.