shashi-taroor

തിരുവനന്തപുരം: കാർഷിക ബില്ലുകൾക്കെതിരെയുള്ള കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോപ് ഗായിക റിയാന ഉൾപ്പടെ നിരവധി വിദേശികൾ രംഗത്തെത്തിയിരുന്നു. ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, പുറത്തുള്ളവർ ഇടപെടേണ്ട കാര്യമില്ലെന്നും സച്ചിൻ അടക്കമുള്ള ചില പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വാഗ്വാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ വിദേശികളുടെ പ്രതികരണത്തിൽ അപകീർത്തികരമായി ഒന്നുമില്ലെന്ന അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വിദേശരാജ്യങ്ങളിലെ സംഭവവികാസങ്ങളിൽ നമ്മളും പ്രതികരിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മ്യാൻമാറിലെ സൈനിക അട്ടിമറിയിൽ കഴിഞ്ഞദിവസം ഇന്ത്യ പ്രതികരിച്ചില്ലേ? വാഷിംഗ്ടണിലെ ക്യാപിറ്റോൾ മന്ദിരം ആക്രമിക്കപ്പെട്ടപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി എന്തിനാണ് അതിൽ അഭിപ്രായം പറഞ്ഞത്? എന്ന ചിദംബരത്തിന്റെ ചോദ്യം പ്രസക്തമാണെന്ന് ശശി തരൂർ വ്യക്തമാക്കി. അതോടൊപ്പം ഉപജീവനവും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മനുഷ്യർ ദേശാതിർത്തികൾ നോക്കാറില്ലെന്ന വസ്തുത എന്നാണ് വിദേശകാര്യമന്ത്രാലയത്തിന് ബോധ്യമാകുകയെന്നും അദ്ദേഹം ചോദിച്ചു.


ലോകരാജ്യങ്ങൾ ഗൗരവത്തോടെ കാണുന്ന ഒരു മന്ത്രാലയം, സെലിബ്രിറ്റികളോട് പ്രതികരിക്കുന്നതിനുമുമ്പ് വിഷയങ്ങൾ പരിശോധിക്കണമായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രതിച്ഛായ നേടാനുള്ള ശ്രമങ്ങളിൽനിന്ന് അകന്നുനിൽക്കണമായിരുന്നുവെന്നും ശശി തരൂർ ഒരു മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു.