
ബംഗളൂരു: ലഹരിമരുന്ന് കേസിലെ കളളപ്പണ- ബിനാമി ഇടപാടിൽ നാലാം പ്രതിയായ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കുറ്റപത്രം സമർപ്പിച്ചു. ലഹരിക്കടത്ത് കേസിലെ ഒന്നാം പ്രതി കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണ്. അനൂപിനെ മറയാക്കി നടത്തിയ മയക്കുമരുന്ന് ഇടപാടുകളിലൂടെ ബിനീഷ് സമ്പാദിച്ച വൻതുക ബിസിനസുകളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
ബംഗളൂരുവിൽ ലഹരിപാർട്ടിക്കിടെ, കേരള സർക്കാരിന്റെ സിവിൽ കരാറുകൾ ലഭിക്കാൻ കേസിലെ പ്രതികളും മറ്റു ചിലരും ബിനീഷുമായി ചർച്ച നടത്തുകയും കരാറിന്റെ നാല് ശതമാനം വരെ കമ്മിഷനായി ബിനീഷിന് വാഗ്ദാനം നൽകുകയും ചെയ്‌തു. എന്നാൽ ഇങ്ങനെ ഏതെങ്കിലും കരാർ നൽകിയിട്ടുണ്ടോയെന്നും കരാർ ലഭിക്കാൻ ബിനീഷ് സഹായം ചെയ്തോയെന്നും കുറ്റപത്രത്തിൽ പറയുന്നില്ല. കഴിഞ്ഞ ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്. കേസിലെ വിചാരണ ഉടൻ ആരംഭിക്കും.
കുറ്റപത്രത്തിൽ പറയുന്നത്
കഴിഞ്ഞ ജൂണിൽ ബംഗളൂരുവിലെ പാർട്ടിക്കിടെ ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചതായി സുഹാസ് കൃഷ്‌ണഗൗഡ മൊഴി നൽകി. മുഹമ്മദ് അനൂപ്, എയർ ഏഷ്യയിലെ കാബിൻ ക്രൂ സോണറ്റ് ലാംബോ, എയർഹോസ്റ്റസ് പരിശീലനം പൂർത്തിയാക്കിയ രേഷ്‌മാ തൻസി എന്നിവരും പാർട്ടിയിലുണ്ടായിരുന്നു. അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രൻ എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കളളപ്പണം വെളുപ്പിക്കാനാണ്. ബിനീഷിന്റെ അക്കൗണ്ടുകളിലെ വൻ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ പൊരുത്തക്കേടുണ്ട്. ഏഴ് വർഷത്തിനുളളിൽ ബിനീഷ് 5.17കോടി രൂപയുടെ ബാങ്ക് ഇടപാടുകൾ നടത്തി. ഇതിൽ 1.22കോടി രൂപയ്ക്ക് മാത്രമാണ് റിട്ടേൺ സമർപ്പിച്ചത്. 2017-18ൽ അരുൺ .എസ് എന്നയാൾ തിരുവനന്തപുരത്തെ ബാങ്കിലൂടെ 25ലക്ഷം രൂപ ബിനീഷിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്തു.