amma

താരസംഘടനയായ 'അമ്മ'യുടെ പ്രവർത്തനങ്ങൾ ഇനി സ്വന്തം ആസ്ഥാന മന്ദിരത്തിൽ. എറണാകുളം കലൂരിലുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മോഹൻലാലും മമ്മൂട്ടിയും ചേർന്ന് നി‌ർവഹിച്ചു. പത്ത് കോടിയോളം രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.


'ഇതു വെറുമൊരു സംഘടനയല്ല കുടുംബമാണ്. ഏറ്റവും വലിയ കർമ്മത്തിന് നമ്മൾ സാക്ഷിയാകുകയാണ്. ഇവിടെ വന്നവർക്ക് അതിനുള്ള ഭാഗ്യമുണ്ടായി.വരാത്തവർ എപ്പോഴെങ്കിലും വീഡിയോയിലൂടെ കാണട്ടെ. ഇതിന്റെ പിറകിൽ ഒരുപാട് പേർ പ്രവർത്തിച്ചു. എനിക്ക് നന്ദി പറയേണ്ടത് ഇടവേള ബാബു,സിദ്ദിഖ്, ബാബു രാജ്...ബാക്കിയുള്ളവരോട് പറയുന്നില്ലെന്നല്ല. രാവെന്നും പകലെന്നും ഇല്ലാതെ ഇതിന്റെ പിറകിൽ പ്രവർത്തിച്ച ആൾക്കാരാണ്.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ എല്ലാവരെയും ഈ സന്ദർഭത്തിൽ ഓർക്കുന്നു.മറ്റ് പല ജോലികളും മാറ്റിവച്ച് കമ്മിറ്റിയിൽ എത്തുകയൊക്കെ ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒരു കാര്യം കൂടി പറയാം. അമ്മ സംഘടനയ്ക്ക് വേണ്ടി നമ്മൾ വളരെക്കാലം മുൻപ് ഒരു സിനിമ ചെയ്തിരുന്നു. അതുപോലെ ഒരു സിനിമ കൂടി ചെയ്യുന്നു. അതിന്റെ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. അതിന്റെ വിവരങ്ങൾ കുറച്ച് സസ്‌പെൻസ് ഇരിക്കട്ടെ.'- മോഹൻലാൽ പറഞ്ഞു.

വളരെ സന്തോഷകരമായ കാര്യമാണ്. എല്ലാവരെയും ഒരിക്കൽ കൂടി കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സിദ്ദിഖ്, ഗണേഷ് കുമാർ, മുകേഷ് ഉൾപ്പടെ നിരവധി താരങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

അഭിനേതാക്കൾക്ക് വന്ന് തിരക്കഥ കേൾക്കാനും എഴുത്തുകാർക്കും സംവിധായകർക്കും പറയാനും വേണ്ടി അഞ്ച് ഗ്ലാസ് ചേംബറുകളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.ന്യൂയോർക്കിലെയും മറ്റും മാതൃകകളാണ് ഇവിടെ പരീക്ഷിക്കുന്നതെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നേരത്തെ പറഞ്ഞിരുന്നു.