new-movie

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി,ജയറാം, ദിലീപ് ഉൾപ്പടെ താരസംഘടനയായ അമ്മയിലെ നടി-നടന്മാരെല്ലാം ഒന്നിച്ചെത്തിയ സിനിമയായിരുന്നു ട്വന്റി- ട്വന്റി. ഇരുകയ്യും നീട്ടിയാണ് സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ 'അമ്മയുടെ' ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ഒരു സസ്‌പെൻസ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ.

അമ്മ സംഘടനയുടെ പുതിയ ചിത്രം വരുന്നുവെന്നായിരുന്നു മോഹൻലാലിന്റെ പ്രഖ്യാപനം.'അമ്മ സംഘടനയ്ക്ക് വേണ്ടി നമ്മൾ വളരെക്കാലം മുൻപ് ഒരു സിനിമ ചെയ്തിരുന്നു. അതുപോലെ ഒരു സിനിമ കൂടി ചെയ്യുന്നു. അതിന്റെ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. സംഘടനയ്ക്ക് എന്തുകൊണ്ടും ഗുണമായിരിക്കും പുതിയ ചിത്രം.' മോഹൻലാൽ പറഞ്ഞു.

ക്രൈം ത്രില്ലറാണ് ഒരുങ്ങുന്നത്. ആശീർവാദ് സിനിമാസാണ് നിർമാണം. കഥ, തിരക്കഥ, സംഭാഷണം രാജീവ് കുമാറാണ് എഴുതിയിരിക്കുന്നത്. പ്രിയദർശനും രാജീവ് കുമാറും സംവിധാനം നിർവഹിക്കും.ഇതൊരു ബ്രില്യന്റ് ക്രൈം ത്രില്ലറാണെന്ന് മോഹൻലാൽ പറഞ്ഞു. ചിത്രത്തിൽ 140 താരങ്ങൾ അണിനിരക്കും. സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. സിനിമയ്ക്ക് പേരിട്ടിട്ടില്ല. ഒരു ചോദ്യചിഹ്നമാണ് പോസ്റ്ററിൽ ഉള്ളത്. ഉചിതമായ പേര് നിർദേശിക്കാൻ ആരാധകർക്ക് അവസരം നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏറ്റവും നല്ല പേരിടുന്നയാൾക്ക് സമ്മാനമുണ്ടായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു.