
കൊച്ചി: ബഡ്‌ജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് തുടർച്ചയായി അഞ്ചു ദിവസം ഇടിഞ്ഞ സ്വർണ വിലയിൽ വർദ്ധനവ്. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 35,240 രൂപയായി. ഗ്രാമിന് 30 രൂപ ഉയർന്ന് 4405ൽ എത്തി.
ബഡ്‌ജറ്റ് പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ ദിവസങ്ങളിൽ 1840 രൂപയാണ് സ്വർണ വില കുറഞ്ഞത്. തുടർച്ചയായ അഞ്ചു ദിവസമാണ് വിലയിൽ ഇടിവുണ്ടായത്. ബഡ്‌ജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുറഞ്ഞത്. അതേസമയം, ഇന്ന് വിലകൂടിയെങ്കിലും വരും ദിവസങ്ങളിൽ സ്വർണവില ഇടിയുമെന്ന് തന്നെയാണ് വ്യാപാരികൾ പറയുന്നത്.