 
വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തോണിയിലെത്തി ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തുന്ന ഇരുകാലുകളും തളർന്ന കുമരകം മഞ്ചാടിക്കരി സ്വദേശി രാജപ്പനെന്ന എഴുപത്തി രണ്ടുകാരനെ മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചത് ഈയാഴ്ചയാണ്. തളർന്ന ഇരുകാലുകളും പരാധീനതയായി കാണാതെ രാജപ്പൻ നടത്തുന്ന ശുചീകരണം ആർക്കും മാതൃകയാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ട് രാജപ്പന്റെ കണ്ണുനിറഞ്ഞു. വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം രാജപ്പൻ അറിഞ്ഞില്ല. സുഹൃത്തുക്കൾ അടുത്ത വീട്ടിൽ കൊണ്ടുപോയാണ് വാർത്ത കാണിച്ചത്. പ്രധാനമന്ത്രിയെ നേരിൽ കാണണമെന്നതാണ് ഇനിയുള്ള ആഗ്രഹം. ഓർമ്മവയ്ക്കും മുൻപേ മാതാപിതാക്കൾ നഷ്ടപ്പെട്ട, പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത രാജപ്പൻ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഉപജീവനമാർഗം കണ്ടെത്തുകയായിരുന്നു. നന്ദു എന്ന ചെറുപ്പക്കാരൻ കൗതുകത്തിന് പകർത്തിയ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണ് രാജപ്പന്റെ ജീവിതം പുറംലോകം അറിയുന്നത്. കൊച്ചുവള്ളത്തിൽ പുലർച്ചെ പ്ളാസ്റ്റിക് ശേഖരിക്കാൻ തുടങ്ങുന്ന രാജപ്പൻ, പലപ്പോഴും ഏതെങ്കിലും പാലത്തിന്റെ കീഴിൽ വള്ളത്തിൽ തന്നെയാവും അന്തിയുറങ്ങുക. പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിഞ്ഞ വർഷം വരെ ഒറ്റയ്ക്കായിരുന്നു അവിവാഹിതനായ രാജപ്പന്റെ താമസം. വെള്ളപ്പൊക്കത്തിൽ വീടു തകർന്നതോടെ സഹോദരി വിലാസിനിയുടെ വീട്ടിലേക്ക് പോയി. മരിക്കും മുൻപ് സ്വന്തമായി ഒരു കൂരയും തുഴഞ്ഞുപോകാൻ ഒരു വള്ളവുംമാത്രമാണ് രാജപ്പന്റെ സ്വപ്നം.
ഗോമൂത്രം വിട്ടൊരു കളിയുമില്ല
സർക്കാർ ഓഫീസ് ശുചീകരണത്തിന് ഗോമൂത്ര ഫിനോയിൽ മാത്രമേ ഉപയോഗിക്കാവൂയെന്ന് ഉത്തവിട്ട മദ്ധ്യപ്രദേശ് പൊതുഭരണ വകുപ്പാണ് ഈ ആഴ്ചയിലെ താരം. രാസവസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഫിനോയിലിന് പകരം സർക്കാർ ഓഫീസുകൾ ഗോമൂത്രത്തിൽ നിന്ന് നിർമിക്കുന്ന ഫിനോയിൽ ഉപയോഗിക്കണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശർമ ഇറക്കിയ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് ഗോക്കളുടെ സംരക്ഷണം, പശുവളർത്തൽ, ഗോമൂത്ര ബോട്ട്ലിംഗ് പ്ലാന്റുകൾ, ഗോമൂത്ര ഫിനോയിൽ നിർമാണ ഫാക്ടറികൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി പ്രേംസിംഗ് പട്ടേൽ പറഞ്ഞു. ഗോമൂത്രത്തിൽ നിന്നുള്ള ഫിനോയിൽ ഉപയോഗിക്കണമെന്ന തീരുമാനം 2020 നവംബറിൽ ചേർന്ന 'പശു മന്ത്രിസഭ' എടുത്തിരുന്നു. അതേസമയം, ഫിനോയിൽ നിർമിക്കുന്ന സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ഇതാൻടാ യു.പി പൊലീസ്
കാണാതായ പ്രായപൂർത്തിയാകാത്ത മകളെ കണ്ടെത്തുന്നതിനായി വികലാംഗയായ വൃദ്ധയെക്കൊണ്ട് 15000 രൂപയ്ക്ക് ഡീസൽ അടിപ്പിച്ച യു.പി പൊലീസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. ഉത്തർപ്രദേശിലെ കാൺപുർ ജില്ലയിലാണ് സംഭവം. പൊലീസുകാരുടെ നിയമവിരുദ്ധ നടപടിക്കെതിരെ വൃദ്ധ പരാതി നൽകിയതോടെയാണ് വിവരം പുറത്തായത്. ക്രച്ചസിൽ താങ്ങിയാണ് ഗുഡിയ എന്ന സ്ത്രീ മകൾക്കു വേണ്ടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുന്നത്. കഴിഞ്ഞ മാസമാണ് മകളെ കാണാനില്ലെന്ന് കാട്ടി പരാതി നൽകിയതെന്നും പൊലീസ് സഹായിക്കുന്നില്ലെന്നും ഗുഡിയ പ്രാദേശിക മാദ്ധ്യമങ്ങളോടു പറഞ്ഞു. 
വണ്ടിയിൽ ഡീസൽ അടിച്ചു തന്നാൽ മാത്രമേ അന്വേഷണം നടത്താൻ സാധിക്കൂവെന്നും അവർ പറഞ്ഞുവെന്നും ഗുഡിയ പറയുന്നു.
ക്യാപ്റ്റൻ ടോം മൂറിന് വിട
ബ്രിട്ടനിൽ ആശുപത്രികൾക്കായി വേറിട്ട രീതിയിൽ ധനസമാഹരണം നടത്തി താരമായ ക്യാപ്ടൻ ടോം മൂർ (100) ഒടുവിൽ കൊവിഡ് ബാധിച്ചു മരിച്ചു. ശ്വാസതടസത്തെ തുടർന്ന് ഞായറാഴ്ചയാണു ബെഡ്‌ഫഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ബാധിച്ചിരുന്നു. ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസസിന് 1000 പൗണ്ട് സമാഹരിക്കാനായി ക്യാപ്ടൻ മൂർ കഴിഞ്ഞ വർഷം നടത്തിയ ‘100 തവണ പൂന്തോട്ടനടത്ത ചലഞ്ചി’ലൂടെ ലഭിച്ചത് 3.2 കോടി പൗണ്ട്. നടക്കാൻ സഹായിക്കുന്ന ഫ്രെയിമിന്റെ സഹായത്തോടെ വീടിന്റെ പൂന്തോട്ടത്തിൽ ധനസമാഹരണ ചലഞ്ച് നടത്തിയത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. തുടർന്നു സർ പദവി നൽകി എലിസബത്ത് രാജ്ഞി ആദരിച്ചു. 1940 കളിൽ ഇന്ത്യയിലും മ്യാൻമറിലും ക്യാപ്ടൻ മൂർ സൈനിക സേവനമനുഷ്ഠിച്ചിരുന്നു.