
തിരുവനന്തപുരം: കേരളസർവകലാശാല മാർക്ക് തട്ടിപ്പിൽ സെക്ഷൻ ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. ചതി, വിശ്വാസവഞ്ചന, ഐ ടി ആക്‌ട് എന്നിവ പ്രകാരമാണ് സെക്ഷൻ ഓഫീസറായ വിനോദിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. രജിസ്ട്രാറുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് വിനോദിനെതിരെ കേസെടുത്തത്.
കേരള സർവകലാശാല ബി എസ്‍ സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിലെ മാർക്കുകളാണ് തിരുത്തിയത്. ഒരു വിദ്യാർത്ഥിയുടെ മാർക്കിലാണ് ആദ്യം തിരിമറി വ്യക്തമായത്. തുടർന്നുളള പരിശോധനയിലാണ് എഴുപതിലേറെ വിദ്യാർത്ഥികളുടെ മാർക്കുകളിൽ വ്യത്യാസം വരുത്തിയതായി കണ്ടെത്താൻ സാധിച്ചത്. വിനോദായിരുന്നു മാർക്ക് തിരുത്തലിന് ചുക്കാൻ പിടിച്ചത്.
എത്ര വിദ്യാർത്ഥികളുടെ മാർക്കുകൾ തിരുത്തിയിട്ടുണ്ടെന്ന് കണ്ടെത്താൻ പരീക്ഷ കൺട്രോളറുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടന്നുവരികയാണ്. പരീക്ഷാസംവിധാനം ഡിജിറ്റലാക്കിയതോടെ മാർക്കിൽ മാറ്റം വരുത്താനുളള അധികാരം സെക്ഷൻ ഓഫീസർമാർക്ക് കൈമാറിയതാണ് തിരിമറി എളുപ്പമാക്കിയതെന്നാണ് സർവകലാശാല വൃത്തങ്ങൾ പറയുന്നത്. സംഭവത്തെ തുടർന്ന് സുരക്ഷാസംവിധാനങ്ങളോടെയുളള പുതിയ സോഫ്റ്റ്‌വെയർ അധികം വൈകാതെ സ്ഥാപിക്കുമെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്.