sabarimala

പത്തനംതിട്ട: ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ കരട് നിയമം പുറത്തുവിട്ട് യു ഡി എഫ്. അധികാരത്തിലെത്തിയാൽ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കരട് നിയമം പുറത്തുവിട്ടിരിക്കുന്നത്.

ശബരിമലയിൽ ആചാരം ലംഘിച്ചു കടന്നാൽ രണ്ട് വർഷംവരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ആചാരകാര്യത്തിൽ പരമാധികാരം തന്ത്രിക്കാണെന്ന് കരട് നിയമത്തിൽ പറയുന്നു. കരട് രേഖ നിയമമന്ത്രി എകെ ബാലന് കൈമാറുമെന്ന് തിരുവഞ്ചൂർ രാധാകൃഷണൻ പറഞ്ഞു.

അതേസമയം യുവതീ പ്രവേശനത്തിന്റെ എല്ലാ വശവും സുപ്രീം കോടതി പരിശോധിക്കുമ്പോൾ നിയമത്തിന്റെ പ്രസക്തി മനസിലാകുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. ഇല്ലാത്ത പ്രശ്‌നത്തിന്റെ പേരിലാണ് നിയമം നിർമിക്കാൻ യുഡിഎഫ് പറയുന്നതെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കരട് ബില്ലിന് പിന്നിൽ വെറും രാഷ്ട്രീയ നാടകമാണെന്ന് ബി ജെ പി ആരോപിച്ചു.