
ഭക്ഷണവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഞൊടിയിടയിലാണ് വൈറലാവുന്നത്. ഭക്ഷണത്തോടുള്ള മനുഷ്യന്റെ സ്വാഭാവികമായ ആകർഷണം തന്നെയാണ് ഇതിന് കാരണം. പുതിയ ഭക്ഷണം അടുത്തറിയാനും മനസിലാക്കാനും ലഭിക്കുന്ന ഒരു സാഹചര്യവും ഭക്ഷണപ്രേമികൾ പാഴാക്കാറില്ല. ഭക്ഷണപ്രേമികൾക്കിടയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വിഭവത്തെപ്പറ്റിയാണ് ഇനി പറയുന്നത്.
'ലിറ്റിൽ മൂൺസ്' എന്നാണതിന്റെ പേര്. സംഗതി ഒരു ഡിസേർട്ടാണ്. വട്ടത്തിൽ ചെറിയ ബോളുകളുടെ രൂപത്തിൽ, ആകർഷകമായ നിറങ്ങളിലുള്ള ഐസ്‌ക്രീമാണ് 'ലിറ്റിൽ മൂൺസ്'. ജപ്പാനിലെ പരമ്പരാഗതമായൊരു ഡിസേർട്ടാണിത്. എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഇതെത്തുന്നത് അടുത്ത കാലത്താണെന്ന് മാത്രം. ഐസ്‌ക്രീം മാത്രമല്ല, 'മോച്ചി' എന്നറിയപ്പെടുന്ന ആവിയിൽ വേവിക്കുന്ന 'റൈസ് കേക്ക്' കൂടി ചേർത്താണ് 'ലിറ്റിൽ മൂൺസ്' തയ്യാറാക്കുന്നത്.
അരിയും ഷുഗറും കോൺസ്റ്റാർച്ചും ആണ് 'മോച്ചി'യുടെ ചേരുവകൾ. ഇതിലേയ്ക്ക് ഐസ്‌ക്രീം കൂടി ചേർത്ത് 'കളർഫുൾ' ആക്കിയാണ് 'ലിറ്റിൽ മൂൺസ്' തയ്യാറാക്കുന്നത്. മധുരപ്രിയർക്ക് പ്രിയങ്കരമായ ലിറ്റിൽ മൂൺസ് പക്ഷേ, വായിലിട്ടാൽ അലിഞ്ഞുപോകുന്ന തരത്തിലുള്ള മധുരമല്ല. അൽപം ചവച്ച് കഴിക്കേണ്ട ഒരു മധുരവിഭവമാണിത്. 'ഗ്ലൂട്ടൻ' എന്ന ഘടകമോ കൃത്രിമമായ ഫ്‌ളേവറുകളോ ഇല്ലാത്തതിനാൽ തന്നെ ഇതൊരു ആരോഗ്യകരമായ ഡിസേർട്ടായിട്ടാണ് കരുതപ്പെടുന്നുണ്ട്.
ഏതായാലും യൂറോപ്പിലാണ് ഇപ്പോൾ 'ലിറ്റിൽ മൂൺസ്' വലിയ തരംഗമായിരിക്കുന്നത്. ധാരാളം ഭക്ഷണപ്രേമികൾ സോഷ്യൽ മീഡിയയിലൂടെ ഇതേക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലുള്ള ഭക്ഷണപ്രേമികൾ ഇത് രുചിക്കാൻ ആഗ്രഹമുണ്ടെന്ന തരത്തിൽ കുറിപ്പുകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്.