
തിരുവനന്തപുരം: ഒരു വർഷം മുമ്പ് കണ്ട സ്‌കൂളുകളിലേക്കായിരിക്കില്ല കൊവിഡാനന്തര കാലത്ത് ഇനി വിദ്യാർത്ഥികൾ ചെല്ലുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ രീതിയിലുളള അക്കാദമിക സൗകര്യങ്ങൾ ഒരുക്കാൻ സഹായിച്ചത് കിഫ്ബിയാണ്. നാടിനാകെ ഉപകാരപ്രദമായ ഒരു കാര്യത്തെ ഇകഴ്ത്തികാണിക്കാൻ ഏറ്റവും നല്ല ഏജൻസിയെ അപകീർത്തിപ്പെടുത്താൻ പാടുണ്ടോ എന്നും പിണറായി ചോദിച്ചു. കിഫ്ബി ഫണ്ട്, പ്ലാൻ ഫണ്ട്, ഡിപ്പാർട്‌മെന്റ് ഫണ്ട് എന്നിവ ഉപയോഗിച്ച് നവീകരിച്ച 111 പൊതുവിദ്യാലയങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡാനന്തര കാലത്ത് സ്‌കൂളുകളിലേക്ക് ചെല്ലുന്ന വിദ്യാർത്ഥികൾ ഒരുവർഷം മുമ്പ് കണ്ട സ്‌കൂളുകളിലേക്കായിരിക്കില്ല ചെല്ലുന്നത്. പല ഇടങ്ങളിലും വലിയ മാറ്റം. വലിയ രീതിയിലുള്ള അക്കാദമിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇതിന് സഹായിച്ചത് കിഫ്ബിയാണ്. സാമ്പത്തിക സ്രോതസ്സാണത്. ഇന്ന് ഏത് കുഗ്രാമത്തിലെ കുട്ടിയും കിഫ്ബിയെ കുറിച്ച് പറയും. അനാവശ്യമായ വിവാദങ്ങൾ കിഫ്ബിക്കെതിരേ ഉയർത്തിയതുകൊണ്ടു കൂടിയാണിത്. നാടിനാകെ ഉപകാരപ്രദമായ ഒരു കാര്യത്തെ ഇകഴ്ത്തികാണിക്കാൻ ഏറ്റവും നല്ല ഏജൻസിയെ അപകീർത്തിപ്പെടുത്താൻ പാടുണ്ടോ. നാട് വികസിക്കണമെന്ന് എൽഡിഎഫ് സർക്കാർ ആഗ്രഹിക്കുന്നത് കൊണ്ട്മാത്രം കാര്യങ്ങൾ ചെയ്യാനാവില്ല. ബജറ്റിന് പരിമിതിയുണ്ട്. ആ ഘട്ടത്തിലാണ് 50000 കോടിയുടെ വികസനം കിഫ്ബിയിലൂടെ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോൾ 6000 കോടിരൂപയുടെ പദ്ധതികളാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് രാഷ്ട്രീയക്കാരായാലും ഏത് മതക്കാരായായും ജാതിക്കാരായാലും ഇതിലൊന്നിലും പെടാത്തവരായാലും ശരി അവർക്ക് വികസനത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണം. 6.80 ലക്ഷം കുട്ടികളാണ് ഈ സർക്കാരിന്റെ കാലയളവിൽ പൊതുവിദ്യാലയങ്ങളിലേക്ക് വന്നത്'. പൊതുവിദ്യാലയ നവീകരണത്തിന്റെ യഥാർഥ ഗുണഭോക്താക്കൾ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ കുടുംബാംഗങ്ങളാണ്. ഏതെങ്കിലും കുഗ്രാമത്തിൽ ഏറ്റവും പിന്നാക്കാവസ്ഥയിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്ന അവസ്ഥയിലേക്കെത്തി. ഇതാണ് മാറ്റം. ഏതെങ്കിലും സമ്പന്നർക്ക് മികച്ച വിദ്യാലയങ്ങളിൽ പോയി പഠിക്കാൻ സൗകര്യമുണ്ടാകുന്നതല്ല മാറ്റം. കുറച്ചു വർഷം കഴിഞ്ഞുള്ള, ഭാവികേരളത്തിൽ വളർന്നുവരുന്ന പുതുതലമുറ വലിയ തോതിൽ കഴിവു നേടിയവരായി മാറും. അവരുടെ വിദ്യാഭ്യാസത്തിലും കാഴ്ചചപ്പാടിലും മാറ്റം വരും. ഇത് ശരിയായ രീതിയിൽ പൂർത്തികരിക്കാനായ ചാരിതാർഥ്യമാണ് സർക്കാരിനുള്ളതെന്നും ഓഖിയും മഹാപ്രളയവും കാലവർഷക്കെടുതിയും ഒടുവിൽ കോവിഡും മറികടന്നാണ് നാം നേട്ടമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.