
ന്യൂഡൽഹി: കൊവിഡ് ഉൾപ്പടെ പല മാരക രോഗങ്ങളും ലോകത്ത് പടർന്നുപിടിക്കാൻ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് പുതിയ പഠന റിപ്പോർട്ട്. സാർസ് പോലെയുളള രോഗങ്ങൾ ഉണ്ടാകാൻ കാരണം ഹരിതവാതകങ്ങളുടെ അമിതമായ പുറംതളളലാണ്. ഇതിലൂടെ രോഗവ്യാപനത്തിന് കാരണക്കാരായ വവ്വാലുകളുടെ എണ്ണം വ്യത്യാസമുണ്ടായി അത് പുതിയ രോഗങ്ങൾക്ക് കാരണമായി.
കാലാവസ്ഥയിലുണ്ടായ മാറ്റം ദക്ഷിണ ചൈനീസ് യുനാൻ പ്രവിശ്യയെയും അടുത്തുളള മ്യാൻമാറിനെയും ലാവോസിനെയും ഹോട്ട്‌സ്‌പോട്ടാക്കി മാറ്റി. ഇവിടെ വവ്വാലുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. കേംബ്രിഡ്‌ജ് സർവകലാശാലയിൽ ഉൾപ്പടെയുളള വിദഗ്‌ദ്ധരുടെ അഭിപ്രായത്തിൽ ഇത് വവ്വാലിൽ നിന്നുണ്ടാകുന്ന രണ്ട് തരം വൈറസുകളുണ്ടാക്കി സാർസ്-കൊവ്-1ഉം സാർസ്-കൊവ്-2ഉം. കൊവിഡ് വൈറസുകളുടെ എണ്ണം ഈ മേഖലയിൽ കാണപ്പെടുന്ന വവ്വാലുകളെ ആശ്രയിച്ചാണിരിക്കുന്നത്.
ഒരു ജീവിയുടെ എണ്ണം വർദ്ധിക്കുമ്പോൾ ഒരു മേഖലയിൽ അവ ഇല്ലാതാകുകയും മറ്റൊരിടത്ത് അവയുടെ എണ്ണം ക്രമാതീതമായി കൂടുകയും ചെയ്യും. ഇത് കാലാവസ്ഥാ വ്യതിയാനം കൊണ്ടാണ്. പഠന റിപ്പോർട്ട് പറയുന്നു. സയൻസ് ഓഫ് ദി ടോട്ടൽ എൻവയോൺമെന്റ് എന്ന പ്രസിദ്ധീകരണത്തിലാണ് പുതിയ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലാവോസിലും മ്യാൻമാറിലും 40 ഇനത്തിൽപെട്ട വവ്വാൽ വർഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നതരം പ്രവർത്തനങ്ങൾ കുറയ്‌ക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കാലാവസ്ഥാ വ്യതിയാനം മാത്രമല്ല ഇതിലെ ഘടകം എന്നഭിപ്രായപ്പെടുന്നു ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതിവിഭാഗം പ്രൊഫസറായ കേറ്റ് ജോൺസ്. മനുഷ്യന്റെ ജനസംഖ്യ വർദ്ധനവും പ്രകൃതിയെ കൈയേറി കൃഷി ചെയ്യുന്നതും എല്ലാം ഇതിന് കാരണമാണെന്ന് കേറ്റ് അഭിപ്രായപ്പെട്ടു.