
പാലക്കാട്: മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിലുണ്ടായ വിവാദമാണ് തന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിയമന വിവാദമെന്ന് മുൻ എം പി എം ബി രാജേഷ്. തിരഞ്ഞെടുപ്പ് സമയമായതിനാൽ പ്രതിപക്ഷം വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇതിന് നേതൃത്വം നൽകിയത് വിഷയ വിദഗ്ദ്ധരിൽ ഒരാളാണ്. വിഷയ വിദഗ്ദ്ധർ ഉപജാപം നടത്തിയെന്നും രാജേഷ് ആരോപിച്ചു.
നിനിതയ്‌ക്ക് എതിരായ പരാതി അവർക്ക് തന്നെ അയച്ച് കൊടുത്ത് നിങ്ങൾ ഇതിൽ നിന്ന് പിന്മാറണം അല്ലെങ്കിൽ മാദ്ധ്യമങ്ങളിൽ കൂടി പ്രചാരണം നടത്തുമെന്നും വലിയ തിരിച്ചടിയുണ്ടാകുമെന്നും മൂന്നാമതൊരാൾ വഴി പറഞ്ഞു. ഇത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ഇന്റർവ്യൂവിന് മുമ്പ് നിനിത അതിൽ പങ്കെടുക്കാതിരിക്കാൻ അയോഗ്യയാക്കാനുളള ശ്രമങ്ങൾ നടന്നു. അത് പൊളിഞ്ഞപ്പോൾ നിനിതയുടെ പി എച്ച് ഡിക്ക് എതിരെ അടുത്ത കേസുണ്ടെന്നായി പരാതി. അതും പൊളിഞ്ഞപ്പോഴാണ് ഇപ്പോഴത്തെ ശ്രമങ്ങൾ നടന്നതെന്ന് രാജേഷ് പറഞ്ഞു.
നിനിത ജോലിയ്‌ക്ക് പ്രവേശിച്ചില്ലെങ്കിൽ തങ്ങൾക്ക് ഒരു പ്രശ്‌നവുമില്ലെന്നാണ് ഇന്റർവ്യൂ ബോർഡിലെ അംഗങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ അതിന് വിപരീതമായി നടന്നപ്പോഴാണ് വിവാദങ്ങളൊക്കെ ഉണ്ടാകുന്നത്. നിനിത പിന്മാറണം അല്ലെങ്കിൽ അവഹേളിക്കും അതായിരിന്നു അവരുടെ ഉദ്ദേശം. ജോലിയ്‌ക്ക് പോകാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉളളതുകൊണ്ട് എന്ത് ചെയ്യണമെന്ന് ആലോചിക്കുകയായിരുന്നു. എന്നാൽ ഈ സമ്മർദ്ദവും ഭീഷണിയും വന്നപ്പോൾ അതിനു വഴങ്ങില്ലെന്ന് നിശ്‌ചയിക്കുകയായിരുന്നു. രാഷ്ട്രീയമല്ല, വ്യക്തിപരമായ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും രാജേഷ് വ്യക്തമാക്കി.
അതേസമയം, എം ബി രാജേഷിന്റെ ഭാര്യയ്‌ക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി വിഷയ വിദഗ്ദ്ധർ സർവകലാശാലയ്‌ക്ക് അയച്ച കത്ത് പുറത്തായി. . അനധികൃത നിയമനം മരവിപ്പിച്ച് അർഹതയുളളവർക്ക് ജോലി നൽകണമെന്നാണ് കത്തിലെ ആവശ്യം. വിദഗ്ദ്ധ സമിതിയിലെ മൂന്ന് വിഷയ വിദഗ്ദ്ധർ എഴുതി ഒപ്പിട്ട കത്താണ് പുറത്തായത്.
ഉയർന്ന യോഗ്യതകളുളള രണ്ടോ അതിലധികമോ പേരെ മറികടന്നാണ് ഇവർ ജോലി കരസ്ഥമാക്കിയത്. ഈ തീരുമാനവും നിയമനവും തെറ്റാണെന്ന് മലയാള സർവകലാശാലയിലെ ഡോക്‌ടർ ഉമർ തറമേൽ, ഡോക്‌ടർ ടി പവിത്രൻ, ഡോക്‌ടർ കെ എം ഭരതൻ എന്നിവർ വ്യക്തമാക്കുന്നു. സർവകലാശാല അധികാരികൾക്ക് ഇഷ്‌ടമുളളവർക്ക് ജോലി നൽകാനാണെങ്കിൽ എന്തിനാണ് വിദഗ്ദ്ധ സമിതി എന്നാണ് കത്തിലെ ചോദ്യം.
നിനിതയുടെ നിയമനം മരവിപ്പിക്കണമെന്നും അദ്ധ്യാപകരെന്ന നിലയിലുളള ധാർമിക ഉത്തരവാദിത്തം മുൻനിറുത്തിയാണ് വി സിക്ക് കത്തെഴുതിയതെന്നും വിഷയവിദഗ്ദ്ധർ പറഞ്ഞു. ഗവർണർക്ക് പരാതി നൽകാനാണ് പട്ടികയിൽ തൊട്ടടുത്തുളള ഉദ്യോഗാർത്ഥികളുടെ തീരുമാനം.