leopard-vs-stray-dog

മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യയിൽ പുള്ളിപ്പുലി നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് ആറുമാസം പ്രായമുളള പുള്ളിപ്പുലി തെരുവു നായയുടെ ആക്രമണത്തിൽ ചത്തത്. ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ നായയും പിന്നീട് ചത്തു.

വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവമുണ്ടായത്. നായ കുരയ്ക്കുന്ന ശബ്ദം കേട്ടെങ്കിലും തണുത്ത കാലാവസ്ഥയായിരുന്നതിനാൽ ആരും പുറത്തിറങ്ങിയില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്. നേരം പുലർന്ന ശേഷം വയലുകളിലേക്ക് പോകാനിറങ്ങിയ ആളുകളാണ് പുള്ളിപ്പുലിയുടെ മൃതദേഹവും പരിക്കേറ്റ നായയേയും കണ്ടെത്തിയത്.

നായയും പുള്ളിപ്പുലിയും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തിൽ നായയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. നായയുടേയും പുള്ളിപ്പുലിയുടേയും മൃതദേഹം പോസ്റ്റമോർട്ടത്തിനായി കൊണ്ടുപോയി.

കന്നുകാലികളെ ആഹാരമാക്കാൻ കഴിയാത്ത സാഹചര്യത്തിലാകാം വന്യമൃഗങ്ങൾ തെരുവുനായകൾക്കെതിരെ തിരിയുന്നതെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം. നിരവധി തെരുവുനായകളുള്ള ഗ്രാമങ്ങളിലേക്ക് പുള്ളിപ്പുലി പോലുള്ള വന്യമൃഗങ്ങൾ എത്താറുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കുരച്ച് ബഹളമുണ്ടാക്കുന്ന നായ്ക്കളെ ആക്രമിച്ച് കഴുത്തിന് പിടികൂടിയാണ് സാധാരണ ഗതിയിൽ വന്യമൃഗങ്ങൾ കൊല്ലാറുള്ളത്. എന്നാൽ മാണ്ഡ്യയിലെ സംഭവത്തിൽ നായയും പുളളിപ്പുലിയും ശക്തമായി ഏറ്റുമുട്ടിയതായാണ് നിരീക്ഷണം.