
തമിഴിൽ പാവകഥൈകൾ, പുത്തൻ പുതു കാലൈ എന്നീ ആന്തോളജി ചിത്രങ്ങൾക്ക് ശേഷം വീണ്ടുമൊരു ആന്തോളജി ചിത്രം എത്തുന്നു. പ്രണയകഥകൾ കോർത്തിണക്കിയ കുട്ടിസ്റ്റോറി എന്ന ചിത്രം ഫെബ്രുവരി 12 ന് തിയേറ്റർ റിലീസിനെത്തുന്നു. മുൻപ് ഇറങ്ങിയ ആന്തോളജി ചിത്രങ്ങൾ ഒ ടി ടി റിലീസായിരുന്നു. ഗൗതം വാസുദേവ മേനോൻ , എ.എൽ വിജയ്, നളൻ കുമരസ്വാമി, വെങ്കട്ട് പ്രഭു എന്നീ സംവിധായകരുടെ കുഞ്ഞുചിത്രങ്ങളാണ് കുട്ടിസ്റ്റോറിയിൽ.
വിജയ് സേതുപതി, അമല പോൾ, അദിതി ബാലൻ , വരുൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നളൻ കുമാരസ്വാമി സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലാണ് നടൻ വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പിസ, സുതുകവും, കാതലും കടന്തുപോകും എന്നീ സിനിമകൾക്ക് ശേഷം നളനൊപ്പം വിജയ് സേതുപതി കൈകോർക്കുന്ന ചിത്രവുമാണ്.'ഇത് മുഴുവൻ പ്രണയമാണ്'എന്നാണ് വിജയ് സേതുപതി ട്രെയ്‌ലർ പങ്കുവെച്ച് കൊണ്ട് സിനിമയെക്കുറിച്ച് പറഞ്ഞത്. വിവാഹേതര ബന്ധം, പ്രണയ ബന്ധങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ എന്നിവയാണ് ആന്തോളജി ചിത്രത്തിന്റെ പ്രമേയമായി ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്.