
കൊച്ചി: പളളിത്തർക്കത്തിൽ സർക്കാരിന് മുന്നറിയിപ്പുമായി യാക്കോബായ സഭ. സഭയുടെ ശാപം ഏറ്റിട്ട് തുടർഭരണം നടത്താമെന്ന് സർക്കാർ കരുതേണ്ടെന്നാണ് സഭയുടെ താക്കീത്. നിയമനിർമ്മാണത്തിനായി സമരം ശക്തമാക്കും. നഷ്‌ടപ്പെട്ട പളളികളിൽ കയറി പ്രാർത്ഥന നടത്തും. ഇതിനു മുന്നോടിയായി നഷ്‌ടപ്പെട്ട പളളികളിലെ സെമിത്തേരികളിൽ നാളെ പ്രാർത്ഥന നടത്തുമെന്നും സഭാ അധികൃതർ അറിയിച്ചു.
തിങ്കളാഴ്‌ച മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും. അനിശ്ചിതകാല റിലേ നിരാഹാര സമരമാണ് ആരംഭിക്കുക. സഭാതർക്കത്തിൽ നിയമനിർമ്മാണം ആവശ്യപ്പെട്ടാണ് സമരം. പൊലീസ് പിന്തുണയോടെ പളളികൾ പിടിച്ചെടുക്കാൻ ഓർത്തഡോക്‌സ് സഭയെ സഹായിച്ചതിന് വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും യാക്കോബായ സഭ വ്യക്തമാക്കി. സർക്കാർ അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഓർഡിനൻസ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാ തോമസ് മോർ അലക്‌സന്ത്രിയോസ് പറഞ്ഞു.