
എഡ്മൺടൺ: ഒരു ആന്റിക് കടയുടെ ഉടമയാണ് അലക്‌സ് ആർച്ചിബാൾഡ്. താമസിക്കാൻ ഒരു വീട് വാങ്ങുമ്പോൾ അത് തന്റെ ജോലിയെ ഇത്രയധികം സഹായിക്കും എന്ന് ഒരിക്കലും അലക്‌സ് കരുതിക്കാണില്ല. ഒരു പഴയ പിയാനോ അദ്ധ്യാപികയായിരുന്ന ബെറ്റെ ജീൻ എന്ന വനിതയുടെ വീടായിരുന്നു അത്. സാധനങ്ങൾ പൂഴ്‌ത്തിവയ്‌ക്കുന്ന സ്വഭാവക്കാരിയായിരുന്നു ബെറ്റെ. അതുകൊണ്ടുതന്നെ പലയിടങ്ങളിലായി ധാരാളം വിലപിടിപ്പുളള വസ്‌തുക്കൾ വീട്ടിലുണ്ടായിരുന്നു.
വീട്ടിനുളളിൽ കുറച്ച് പഴയ സാധനങ്ങൾ ഉണ്ടെന്ന് അറിഞ്ഞുതന്നെയായിരുന്നു അലക്‌സ് വീട് വാങ്ങിയത്. എന്നാൽ അവിടെ കണ്ട വസ്‌തുക്കൾ ആർച്ചിയിൽ അത്ഭുതമുളവാക്കി. യാത്ര ചെയ്യാനും ഷോപ്പിംഗ് നടത്താനും താൽപര്യമുളള ആളായിരുന്നു ബെറ്റെ ജീൻ ടീച്ചർ. അതുകൊണ്ട് തന്നെ വിവിധയിടങ്ങളിലെ വെളളി കട്ടികളും, പഴയ അധികമാരും കാണാത്ത പുസ്‌തകങ്ങൾ, നാണയങ്ങൾ, ഷൂസുകൾ, പലതരം പേഴ്‌സുകൾ അവ നിറയെ പണം, സ്വർണം, വജ്രം കൊണ്ടുളള മോതിരവും അതിൽ നിന്നും കിട്ടി. ഡിസൈനർ ഉടുപ്പുകളുടെ വലിയ ശേഖരവും അവിടെയുണ്ടായിരുന്നു. എല്ലാം ചേർത്ത് ലേലം ചെയ്ത് നാല് ലക്ഷം ഡോളർ( ഏകദേശം 2.91 കോടി രൂപ) അലക്‌സിന് ലഭിച്ചു.
തനിക്ക് ലഭിച്ച വസ്‌തുക്കൾ മൂന്ന് ഭാഗമായാണ് അലക്‌സ് ലേലം ചെയ്‌തത്. ജനങ്ങൾ ഇവ വിശ്വസിക്കാൻ തന്റെ പുതിയ വീടിന്റെ വീഡിയോ ചിത്രീകരിച്ച് വിവിധ ഭാഗങ്ങളിലായി ആർച്ചി യൂട്യൂബിൽ അത് അപ്‌ലോഡ് ചെയ്‌തു. ഇപ്പോൾ ആർച്ചിയുടെ ഈ വീഡിയോകളും ശ്രദ്ധ നേടുകയാണ്.