
തിരുവനന്തപുരം: ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ടിന്റെ ഭാഗമായി കഠിനംകുളം മുതൽ അഞ്ചുതെങ്ങ് വരെ നടപ്പാക്കുന്ന ടൂറിസം ഇടനാഴിയുടെ ഭാഗമായി ഏഴ് ബോട്ട് ജെട്ടികളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഇതിനൊപ്പം ഒരു ഹബ്ബും സ്ഥാപിക്കുന്നുണ്ട്. കൊവിഡിനെ തുടർന്ന് വൈകിയ നിർമ്മാണ പ്രവർത്തനങ്ങളാണ് വീണ്ടും തുടങ്ങുന്നത്. ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ട് കഠിനംകുളം-അഞ്ചുതെങ്ങ് ഇടനാഴി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയ്ക്ക് 8.85 കോടിയാണ് ചെലവ്. പദ്ധതിയുടെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട്കടവ്, കായിക്കര കടവ്, പണയിൽകടവ്, പുത്തൻകടവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടി നിർമ്മിക്കും. വേളിയിൽ വെൽകം ആർച്ചും ഇതിന്റെ ഭാഗമായി ഒരുക്കും.
പാർവതി പുത്തനാറിനെയും തീരദേശ കായലുകളെയും ബന്ധിപ്പിച്ചുള്ള കഠിനംകുളം കായൽ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ തലസ്ഥാനത്തിന് തിരികെ കിട്ടുന്നത് രാജഭരണ കാലത്തെ ജലപാതയാണ്. ബോട്ടുകളും ഹൗസ് ബോട്ടുകളും ഷിക്കാര വള്ളങ്ങളും ഉപയോഗപ്പെടുത്തി കോവളം വിനോദസഞ്ചാര കേന്ദ്രത്തെയും ആക്കുളം, വേളി ടൂറിസ്റ്റ് വില്ലേജുകളെ ഉൾപ്പെടുത്തി പാർവതി പുത്തനാർ വഴി കഠിനംകുളം കായൽ മുതൽ വടക്കോട്ടുള്ള വിനോദ, വാണിജ്യ ജലപാത സജ്ജമാകുന്നതോടെ തലസ്ഥാനം ഏറ്റവും മികച്ച ഒഴിവുകാല വിനോദസഞ്ചാര കേന്ദ്രമായി മാറും. പാർവതി പുത്തനാറിന് സമാന്തരമായി പോകുന്ന തീരദേശ റോഡും ബോട്ടുയാത്രയ്‌ക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനം ചെയ്യും.
കാക്കത്തുരുത്ത്, പെരുമാതുറ പാലം, മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, കായിക്കര ആശാൻ സ്‌മാരകം, പൊന്നുംതുരുത്ത്, പണയിൽക്കടവ് വഴി അകത്തുമുറിവരെ എത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കാശ്‌മീരിലെ ദാൽ തടാകത്തിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള 20 പേർക്ക് ഇരിക്കാവുന്ന ഷിക്കാര ബോട്ടുകളാണ് ഇവിടെ ഉപയോഗിക്കുക. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് (ഡി.ടി.പി.സി) പദ്ധതിയുടെ ചുമതല.
 വീണ്ടും വഴി തെളിഞ്ഞ് രാജപാത
രാജഭരണകാലത്ത് തെക്കൻ തിരുവിതാംകൂറിൽ നിന്ന് വടക്കോട്ട് യാത്രചെയ്യുന്ന യാത്രക്കാരുടെ പ്രധാന ഇടത്താവളമായിരുന്ന കഠിനംകുളം കായലിനെ വേളി കായലുമായും ആക്കുളം കായലുമായും ബന്ധിപ്പിച്ച് പാർവതി പുത്തനാർ നിർമ്മിച്ചതോടെയാണ് കെട്ടുവള്ളങ്ങൾ ഉൾപ്പെടെയുള്ള ജലയാനങ്ങൾക്ക് ചാക്ക വരെ എത്താൻ കഴിഞ്ഞത്. ദീർഘവീക്ഷണത്തോടെ നിർമ്മിച്ച പുത്തനാറിന്റെ മുഖമുദ്രകളായിരുന്നു പാറക്കല്ലിൽ തീർത്ത കുളിക്കടവുകളും ബോട്ടുജെട്ടികളും.
ദീർഘദൂര യാത്രകൾക്കും ചരക്ക് ഗതാഗതത്തിനും ആളുകൾ ഏറെ ആശ്രയിച്ചിരുന്ന പ്രധാന ജലപാതയായി പാർവതി പുത്തനാർ മാറുകയായിരുന്നു. റോഡ് യാത്ര സാർവത്രികമായതോടെ പിന്നീട് യാത്രാവള്ളങ്ങളുടെ വരവ് കുറയുകയും തൊണ്ടുവള്ളങ്ങളുടെ പ്രധാന സഞ്ചാര പാതയായി പാർവതി പുത്തനാർ പരിണമിക്കുകയുമായിരുന്നു. 1970കളുടെ തുടക്കത്തിൽ അനധികൃത മണൽവാരലിന്റെയും കൈയേറ്റങ്ങളുടെയും ഫലമായി പുത്തനാറിന്റെ ഇരുകരകളും ഇടിഞ്ഞു താഴുകയും ആഴം കുറയുകയുമായിരുന്നു.