
ലണ്ടൻ: ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ച ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗഭീഷണിയുമായി സ്വകാര്യ സന്ദേശം. താരം തന്റെ ഇൻസ്റ്റാഗ്രാമിലാണ് ഭീഷണിയുമായി ബന്ധപ്പെട്ട വിവരം അറിയിച്ചത്. കുറച്ച് മാസങ്ങളായി ഓരോതവണയും ഇന്ത്യയിലെ കർഷകരെ കുറിച്ച് സംസാരിക്കുമ്പോഴും എനിക്ക് ബലാത്സംഗഭീഷണി എത്തുന്നുണ്ട്. അവകാശങ്ങൾക്കായി പൊരുതുന്നവർക്കാണ് എന്റെ ഐക്യദാർഢ്യം. ഞാനൊരു മനുഷ്യസ്ത്രീയാണെന്ന് ഓർക്കണം, കർഷകസമരത്തെക്കുറിച്ച് സംസാരിക്കാൻ പുരുഷന്മാരും തയാറാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എന്തെന്നാൽ അവർ ഇത്തരത്തിൽ ആക്രമിക്കപ്പെടില്ല. ജമീല ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ വംശജനായ അലി ജമീലിന്റെയും പാക് വംശജ ഷീരീൻ ജമീലിന്റെയും മകളാണ് ജമീല. നിരവധി പോപ് പരമ്പരകളുടെ അവതാരികകൂടിയാണ് ജമീല. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്, യു.എസ് വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ മരുമകൾ മീന ഹാരിസ് എന്നിവർ കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇവർക്കെല്ലാം പലതരത്തിലുള്ള ഭീഷണികളും ഉയർന്നിരുന്നു. ഇവരിൽ പലരുടെയും ഫോട്ടോകൾ സർക്കാർ അനുകൂലികൾ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.