mohanlal-

കൊച്ചി: കർഷക സമരത്തെക്കുറിച്ച് പ്രതികരിക്കാതെ സൂപ്പർതാരം മോഹൻലാൽ. താരസംഘടന അമ്മയ്ക്കുവേണ്ടി കലൂരിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവേളയിലാണ് സംഘടനയുടെ പ്രസിഡന്റ്
കൂടിയായ അദ്ദേഹം മാദ്ധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറിയത്. ഈ വിഷയത്തിൽ പിന്നീട് പ്രതികരിക്കാമെന്നും അതിന് അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളോടെ 10 കോടി ചെലവിൽ അമ്മയ്ക്കുവേണ്ടി കലൂരിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവേളയിലാണ് മലയാളത്തിലെ താരങ്ങൾ ആരും കർഷക സമരത്തിൽ പ്രതികരിച്ചു കണ്ടില്ലെന്നും സാധാരണയായി മറ്റു വിഷയങ്ങളിൽ പ്രതികരണം ഉണ്ടാവാറുണ്ടെന്നും മാദ്ധ്യമപ്രവർത്തകരിലൊരാൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ ചോദ്യത്തിന് മറുപടി നൽകാതെ അദ്ദേഹം ഒഴിഞ്ഞ് മാറിയതോടെ മാദ്ധ്യമപ്രവർത്തകർ ചോദ്യം ആവർത്തിക്കുകയായിരുന്നു. ഇതോടെ പിന്നീട് പ്രതികരിക്കാമെന്നു അതിന് അവസരം ഉണ്ടാകുമെന്നും മോഹൻലാൽ മറുപടി നൽകി.

രാജ്യത്തിനകത്തും പുറത്തുമുളള പ്രശസ്ത വ്യക്തികൾ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയതോടെ കർഷക സമരം ലോക ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. കർഷക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രശസ്ത താരങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും അഭിപ്രായമറിയിച്ചിട്ടുളളത്. എന്നാൽ കേരളത്തിൽ നിന്നുളള സൂപ്പർതാരങ്ങളാരും തന്നെ ഈ വിഷയത്തിൽ ഒരു പ്രതികരണവും ഇതുവരെയും നടത്തിയിട്ടില്ല.