
കോട്ടയം: യു.ഡി.എഫ് പിന്തുണയോടെ പൂഞ്ഞാറിലോ പാലായിലോ മത്സരിക്കാമെന്ന പി.സി. ജോർജിന്റെ മോഹം പൂവണിയില്ലെന്നുറപ്പായി. യു.ഡി.എഫിലെടുക്കാൻ രമേശ് ചെന്നിത്തല സമ്മർദ്ദം ചെലുത്തിയെങ്കിലും ഉമ്മൻചാണ്ടി പാരവച്ചെന്നാണ് ജോർജിന്റെ കുറ്റപ്പെടുത്തൽ.
പിന്തുണ ഉണ്ടാകില്ലെന്നു മനസിലാക്കി, യു.ഡി.എഫ് വിരുദ്ധ നിലപാടിലേക്ക് മാറുകയാണ് ജോർജ്. ഇടഞ്ഞ ജോർജ് യു.ഡി.എഫിനെ പിടിച്ചുലയ്ക്കുന്ന ആരോപണ ബോംബ് വല്ലതും പൊട്ടിച്ച് തിരഞ്ഞെടുപ്പ് രംഗം കലക്കുമോ എന്ന ഭീതിയും നേതാക്കൾക്കുണ്ട്.
വ്യക്തിപരമായ വോട്ടുകൾ സമാഹരിച്ച് പൂഞ്ഞാറിൽ ജയം ആവർത്തിക്കുന്ന ജോർജ് യാക്കോബായ വിഭാഗിന്റെ പിന്തുണ ഉറപ്പിക്കാൻ അവരുടെ സമര വേദിയിലും പോയിരുന്നു. മുസ്ലിം വിഭാഗത്തിനെന്ന പോലെ ആനുകൂല്യം ക്രൈസ്തവർക്കും നൽകണമെന്ന് അഭിപ്രായപ്പെട്ടതും വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. വിശ്വകർമ്മജർ, പരിവർത്തിത ക്രൈസ്തവർ തുടങ്ങിയവ വിഭാഗങ്ങളുടെ വോട്ടുറപ്പിക്കാനുള്ള നീക്കവും നടത്തുന്നു.
"പാലം കടന്നാൽ കൂരായണ എന്ന സമീപനമാണ് ഉമ്മൻ ചാണ്ടിയുടേത്. എല്ലാം കൊണ്ടുപോകാനാണ് കുഞ്ഞാലിക്കുട്ടിയുടെ വരവ്. ഇത് യു.ഡി.എഫിന്റെ സർവനാശത്തിന്റെ തുടക്കമാണ്. കോട്ടയത്തെ നാലു മണ്ഡലങ്ങളിൽ ജനപക്ഷ വോട്ടുകൾ നിർണായകമെന്ന് യു.ഡി.എഫ് നേതാക്കൾ മറക്കരുത്"
- പി.സി. ജോർജ്