
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് തുടരുന്ന ശക്തമായ കർഷക സമരത്തിൽ സർക്കാരിനും കർഷകർക്കും ഒരുപോലെ നിർദ്ദേശവുമായി ഐക്യരാഷ്‌ട്ര സംഘടനയിലെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ. സമരക്കാരും അധികാരികളും പരമാവധി സംയമനം പാലിക്കണമെന്നും ഓൺലൈനായും ഓഫ്‌ലൈനായും സമാധാനപരമായി ഒത്തുചേരാനും അഭിപ്രായപ്രകടനം നടത്താനുമുളള അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. പരസ്‌പരം മനുഷ്യാവകാശങ്ങൾ ബഹുമാനിച്ച് പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തേണ്ടത് നിർണായകമാണ്. മനുഷ്യാവകാശ ഹൈക്കമ്മീഷണർ ട്വിറ്ററിൽ കുറിച്ചു.
അതേസമയം രാജ്യവ്യാപകമായി ദേശീയപാതകൾ ഉപരോധിക്കുന്ന 'ചക്കാ ജാം' അവസാനിച്ചു. ഇതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് കർഷകർ അവരുടെ ആവശ്യങ്ങൾ നിറവേറാതെ തിരികെ വീട്ടിലേക്ക് മടങ്ങില്ലെന്ന് അറിയിച്ചു. നിയമം പിൻവലിക്കാൻ ഒക്‌ടോബർ 2 വരെ സമയം നൽകി. ഇതുവരെ സമരം തുടരും. ഇക്കാലയളവിൽ നിയമം പിൻവലിച്ചില്ലെങ്കിൽ മറ്റ് കർഷക സംഘടനകളോട് ആലോചിച്ച് സമരം ശക്തമാക്കും. രാകേഷ് ടിക്കായത്ത് അറിയിച്ചു. സമരം നടക്കുന്നതിന് സമീപത്തുളള ഡൽഹിലും ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും റോഡ് ഉപരോധമുണ്ടായില്ല.എന്നാൽ ഡൽഹി അതിർത്തികളിൽ സമാധാനപരമായി സമരക്കാർ വഴി തടഞ്ഞു.