
ദക്ഷിണ കൊറിയൻ സംവിധായകൻ ലീ ചാങ് ഡോംഗിന്റെ മൂന്ന് വിസ്മയ ചിത്രങ്ങളുടെ പ്രദർശനത്തിന് രാജ്യാന്തര ചലച്ചിത്രോത്സവം വേദിയാകും.മികച്ച ചിത്രത്തിനുള്ള ഓസ്‌കാർ നോമിനേഷൻ നേടിയ ബേണിംഗ്, വെനീസ് ചലച്ചിത്രമേളയിൽ സിൽവർ ലയൺ നേടിയ ഒയാസിസ്, പോയട്രി എന്നീ ചിത്രങ്ങളാണ് റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.മൂന്ന് വ്യക്തികളുടെ ജീവിതത്തിലെ ആന്തരിക സംഘർഷങ്ങൾ പ്രമേയമാക്കിയ സസ്‌പെൻസ് ചിത്രമായ ബേണിംഗ് ജാപ്പനീസ് എഴുത്തുകാരനായ ഹാറുകി മുറുകാമിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത് .
കുറ്റകൃത്യത്തിൽ നിന്നും കൊച്ചുമകനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന അൽഷിമേഷ്‌സ് ബാധിതയായ മുത്തശ്ശിയുടെ കഥയാണ് പോയട്രി എന്നചിത്രം പ്രമേയമാക്കിയിരിക്കുന്നത്. 2020ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.നിഗൂഢത, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വേദനകൾ തുടങ്ങിയവ പ്രമേയമാക്കുന്ന ലീ ചിത്രങ്ങൾ കൊറിയൻ ജനപ്രിയ ചിത്രങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത് .