
പത്തനംതിട്ട: ജീവിതകാലം മുഴുവൻ മരങ്ങൾക്ക് കാവലാളായിരുന്ന കവയിത്രി സുഗതകുമാരിയുടെ തറവാട്ട് കാവിലെ മരങ്ങൾ അപ്പാടെ വെട്ടി നീക്കിയത് വിവാദമായി. ആറൻമുള വാഴുവേലിൽ തറവാട്ടിൽ നവീകരണം നടത്തുമ്പോൾ മരങ്ങളും മറ്റും നശിപ്പിക്കരുതെന്ന സുഗതകുമാരിയുടെ അഭ്യർത്ഥന അവഗണിച്ചാണ് പുരാവസ്തുവകുപ്പ് കടുംകൈ കാട്ടിയത്. 64 ലക്ഷം രൂപയുടെ പണികളുടെ ചുമതല സ്വകാര്യ ഏജൻസിക്കായിരുന്നു. അവർ മരങ്ങൾ വെട്ടിമാറ്റി. കാവിൽ കരിങ്കല്ല് പാകി. കവയിത്രിക്ക് ആദരാഞ്ജലി അർപ്പിക്കാൻ അടുത്തിടെ എത്തിയവർ നട്ട വൃക്ഷത്തൈകൾ മാത്രമാണ് ശേഷിക്കുന്നത്.
ഇതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മുൻ എം.എൽ.എയും മുൻ ദേവസ്വംബോർഡ് പ്രസിഡന്റുമായ എ. പദ്മകുമാർ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പരാതി നൽകി.
നവീകരണത്തിന് ബഡ്ജറ്റിൽ പ്രഖ്യാപിച്ച രണ്ട് കോടിയുമായി ബന്ധപ്പെട്ട് മുതലെടുപ്പ് നടത്തുന്നതിനാണോ ശ്രമമെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
തറവാടിനെയും കാവിനെയും വികലമാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.തറവാടിന്റെ തനിമയും പൈതൃകസമ്പത്തും വീണ്ടെടുക്കാൻ തയ്യാറല്ലെങ്കിൽ കുടുംബ ട്രസ്റ്റിന് തിരിച്ചു നൽകണം.
കാവ് നവീകരണം പുരാവസ്തുവകുപ്പിന്റെ ചുമതലയിൽ അല്ല. വാഴുവേലിൽ തറവാട് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് അതിന്റെ സംരക്ഷണം മാത്രമാണ് പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്. കാവിന്റെ ഉടമസ്ഥാവകാശം ട്രസ്റ്റിനാണ്. തറവാട്ട് കാവ് നവീകരിച്ച് കുമ്മായം പൂശിയത് പുരാവസ്തുവകുപ്പല്ല.''
ഇ. ദിനേശൻ,
ഡയറക്ടർ, പുരാവസ്തു വകുപ്പ്