spain

യാഗോൺ: രാജ്യത്ത് പട്ടാളഭരണം ഏറ്റെടുത്തതിനെതിരെ ഓരോ ദിവസം കഴിയും തോറും പ്രതിഷേധം ശക്തമാകുകയാണ്. മ്യാൻമറിൽ ജനങ്ങളുടെ നിസ്സഹകരണ സമരമാണ് നടത്തുന്നത്. ഇതോടെ ഇന്നലെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ചെറുപ്പക്കാർ തെരുവിലറങ്ങി റാലി നടത്തി. അറസ്റ്റിൽ കഴിയുന്ന ഓങ് സാങ് സൂചിയുടെ പാ‌ർട്ടിയുടെ നിറമായ ചുമപ്പ് നിറത്തിലുള്ള ഹെഡ്ബാൻഡ് ധരിച്ചാണ് പ്രതിഷേധം നടത്തിയത്. ആയിരത്തോളം പ്രകടനക്കാർ യാഗോൺ യൂണിവേഴ്സിറ്റിക്ക് സമീപത്തെ റോഡിൽ മാർച്ച് നടത്തി. സൈന്യം ഭരണം ഏറ്റെടുത്തതിനെ ചെറുക്കുന്നതിന്റെ ഭാഗമായി മൂന്ന് വിരലുകൾ ഉയർത്തി സല്യൂട്ട് നൽകിയാണ് ഇവരുടെ പ്രതിഷേധം. അതേസമയം പ്രതിഷേധക്കാരെ നേരിടാൻ രണ്ട് വാട്ടർ പീരങ്കികളുമായി ഒരു വലിയ പൊലീസ് സന്നാഹം തന്നെ അണിനിരന്നിരുന്നു. പട്ടാളഭരണത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധക്കാർ സംഘടിക്കുന്നെന്നാരോപിച്ച് കഴിഞ്ഞദിവസം ഫേസ് ബുക്ക് നിരോധിച്ചിരുന്നു. തുട‌ർന്ന് ട്വിറ്ററിലൂടെയാണ് സമരക്കാർ സന്ദേശങ്ങൾ കൈമാറിയത്. ഇതോടെ ട്വിറ്ററും ഇൻസ്റ്റഗ്രാമും നിരോധിച്ചു. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ശക്തമാക്കിയത്. മുൻപ് ഓങ് സാങ് സൂചിയെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തപ്പോഴാണ് ഇത്രയും വലിയ പ്രക്ഷോഭം നടത്തിയത്.

പ്രതിഷേധത്തിന്റെ ഭാഗമായി രാത്രികാലങ്ങളിൽ രാജ്യത്തുടനീളമുള്ളവർ പാത്രങ്ങൾ തമ്മിൽ തട്ടി ശബ്ദം ഉണ്ടാക്കും. പരമ്പരാഗത രീതിയിൽ തിന്മയെ പുറന്തള്ളാൻ വേണ്ടിയാണ് അത്തരത്തിൽ പാത്രങ്ങൾ തട്ടുന്നതെന്നാണ് വിശ്വാസം.

qq

പ്രത്ഷേധത്തിൽ അദ്ധ്യാപകരും വിദ്യാ‌ത്ഥികളും

ഓങ് സാങ് സൂചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും തെരുവിലിറങ്ങി പ്രതിഷേധിച്ചു. ആരോഗ്യപ്രവർത്തകർ തുടക്കമിട്ട അട്ടിമറി വിരുദ്ധ നിസ്സഹകരണ സമരത്തിന് എൻ.എൽ.ഡി ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു.

മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ സഖ്യകക്ഷികളുമായി ആലോചിച്ചു ശ്രമങ്ങൾ തുടങ്ങിയതായി യു..എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. പട്ടാള ഭരണകൂടം വഴങ്ങിയില്ലെങ്കിൽ കനത്ത ഉപരോധം ഉൾപ്പെടെയുള്ള നടപടികളുണ്ടാവും. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ നേതൃത്വവുമായി ബൈഡൻ ച‌ർച്ച നടത്തി..

അടിച്ചമർത്തൽ അവസാനിപ്പിച്ച് മ്യാൻമറിൽ ജനാധിപത്യത്തിന് അവസരം നൽകണമെന്നും സൂചി ഉൾപ്പെടെയുള്ള നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും യു..എൻ രക്ഷാസമിതി ആവശ്യപ്പെട്ടു. എന്നാൽ ചൈനയും റഷ്യയും എതിർത്തതിനാൽ പ്രസ്താവനയിൽ പട്ടാള അട്ടിമറിയെക്കുറിച്ചു പരാമർശിക്കുന്നില്ല.