iffk

മൈലാടും പറമ്പിലെ ജോയ് യെ തിരഞ്ഞു പോകുന്നവർ അതി ഭയാനകമായ ടൈം ലൂപ്പിൽ (സമയ കുരുക്ക് ) അകപ്പെടുന്നതാണ് ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയെന്നാണ് സൂചന നൽകുന്നത്. ലിജോയുടെ ചുരുളിയും ജയരാജിന്റെ ഹാസ്യവും ഏറ്റുമുട്ടാൻ പോവുന്നത് മികച്ച പന്ത്രണ്ട് സിനിമകളോടാണ്. ബ്രസീൽ ,ഫ്രാൻസ് ,ഇറാൻ തുടങ്ങിയ പത്തു രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മോഹിത് പ്രിയദർശിയുടെ ആദ്യ ചിത്രമായ കൊസ,അക്ഷയ് ഇൻഡിഗറിന്റെ ക്രോണിക്കിൾ ഓഫ് സ്‌പേസ് എന്നീ ഇന്ത്യൻ ചിത്രങ്ങളും ഇക്കൂട്ടത്തിൽ മാറ്റുരയ്ക്കാനുണ്ട് . ലിജോയുടെ മുൻ ചിത്രം ജല്ലിക്കെട്ട് ഗോവ ചലച്ചിത്ര മേളയിൽ സുവർണമയൂരം നേടിയിരുന്നു. ഓസ്‌കാർ എൻട്രി വരെയെത്തിയ ചിത്രത്തിന്റെ അതേ പാത പിന്തുടരുമോ ലിജോയുടെ ചുരുളിയെന്ന് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ് സിനിമ പ്രേമികൾ.

ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസോൾഫ്‌ന്റെ ദെയ്ർ ഈസ് നോ ഈവിൾ എന്ന ചിത്രവും മത്സര വിഭാഗത്തിലുണ്ട്. ഈ ചിത്രം 2019 ലെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ബെയർ പുരസ്‌കാരം നേടിയിട്ടുണ്ട് .ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറമിയ മോസസെയുടെ ദിസ് ഈസ് നോട്ട് എ ബെറിയൽ ബട്ട് എ റെക്‌സ്‌റേഷൻ എന്ന ഇറ്റാലിയൻ സിനിമയും മത്സരത്തിനുണ്ട് .ബഹ്‌മെൻ തവോസി സംവിധാനം ചെയ്ത ദ് നെയിംസ് ഓഫ് ദ് ഫ്‌ളവേഴ്‌സ് ,ഹിലാൽ ബൈഡ്രോവിന്റെ ഇൻ ബിറ്റ്‌വീൻ ഡൈയിങ് , ബ്രസീലിയൻ സംവിധയകാൻ ജോൻ പൗലോ മിറാൻഡ മരിയയുടെ മെമ്മറി ഹൗസ് , ബ്രസീലിയൻ ചിത്രം ഡസ്റ്ററോ,ഫ്രഞ്ച് ചിത്രം ബൈലീസവാർ , ബേർഡ് വാച്ചിങ് , റോം ,പിദ്ര സൊല എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റു ചിത്രങ്ങൾ.

ഇന്നത്തെ മലയാള സിനിമ എന്ന വിഭാഗത്തിലാണ് 'ലൗ', 'സീ യൂ സൂൺ', 'വാങ്ക്', 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ ' തുടങ്ങി 12 ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


ലിജോയുടെ ചുരുളി

ശ്രദ്ധേയനായ കഥാകൃത്ത് വിനോദ് തോമസിന്റെ കഥയെ ആസ്പദമാക്കി ഹരീഷാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വെറും പത്തൊൻമ്പത് ദിവസം കൊണ്ട് ചിത്രീകരിച്ച ചിത്രമാണ് ചുരുളി. ചെമ്പൻ വിനോദ് ജോസ് , വിനയ് ഫോർ ട്ടും പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ ജോജു ജോർജ്ജ്, സൗബിൻ ഷാഹിർ , ജാഫർ ഇടുക്കി, ഗീതിക തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ലിജോ പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേർന്നാണ് നിർമ്മാണം.


ജയരാജിന്റെ ഹാസ്യം

ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ജയരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡാർക്ക് കോമഡീ വിഭാഗത്തിൽ പെടുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജപ്പാനെ ഹരിശ്രീ അശോകൻ ആണ് അവതരിപ്പിക്കുന്നത്.