electricity

ഇടുക്കി: തൊടുപുഴ നഗരസഭയിലെ ബിജെപി കൗൺസിലറുടെ വീട്ടിൽ വൈദ്യുതി മോഷണം കണ്ടെത്തിയതിനെ തുടർന്ന് 82,000 രൂപ പിഴ ചുമത്തി വിജിലൻസ്. ഒരു മലയാള സ്വകാര്യ ചാനലിന്റെ ഓൺലൈൻ വിഭാഗമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ന്യൂമാന്‍ കോളേജ് വാര്‍ഡ് കൗണ്‍സിലറായ ശ്രീലക്ഷ്മി സുദീപിന്റെ വീട്ടിലാണ് വൈദ്യൂതി മോഷണം നടന്നതായി കണ്ടെത്തിയത്.

ശ്രീലക്ഷ്മിയുടെ അച്ഛന്‍ തൊടുപുഴ മുതലിയാര്‍ മഠം കാവുക്കാട്ട് കെആര്‍ സുദീപിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷനില്‍ നിന്നും സമീപത്തെ ഇവരുടെ രണ്ട് വീടുകളിലേക്ക് വൈദ്യൂതി മോഷ്ടിച്ചതായാണ്കണ്ടെത്തിയത് . മീറ്റര്‍ വെക്കാതെ അനധികൃതമായി രണ്ട് കേബിളുകൾ വലിച്ചുകൊണ്ടായിരുന്നു വൈദ്യുതി മോഷ്ടിച്ചത്.

counciller

രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ആന്റി പവര്‍ തെഫ്റ്റ് വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഇക്കാര്യം കണ്ടെത്തുകയായിരുന്നു.

വൈദ്യൂതി മോഷ്ടിച്ചതിന് 62,000 രൂപയും കോംപൗണ്ടിങ്ങ് ചാര്‍ജ് ഇനത്തില്‍ 20,000 രൂപയും ചേര്‍ത്ത് ആകെ 82,000 രൂപയാണ് പിഴയായി അടച്ചത്. എന്നാൽ എന്നുമുതലാണ് വൈദ്യുതി മോഷണം തുടങ്ങിയതെന്ന് കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ല. പരമാവധി ആറ് മാസത്തെ ഉപയോഗം കണക്കാക്കി പിഴ ഇടക്കാന്‍ മാത്രമാണ് നിലവിൽ നിയമമുള്ളത്.