okanjo

വാഷിംഗ്ടൺ: ലോകവ്യാപാര സംഘടനയ്ക്ക് ഇത് ചരിത്ര മുഹൂ‌ർത്തം. ചരിത്രത്തിൽ ആദ്യമായി ലോക വ്യാപാര സംഘടനയുടെ(ഡബ്ല്യു.ടി.ഒ) നേതൃസ്ഥാനത്തേക്ക് കറുത്തവ‌ർഗക്കാരി എത്തുന്നു. നൈജീരിയയുടെ സാമ്പത്തിക ശാസ്ത്രജ്ഞയും മുൻ ധനമന്ത്രിയുമായ എൻഗോസി ഒകോൻജോ-ഇവാലയാണ് നേതൃസ്ഥാനത്തേക്ക് എത്തുന്നത്. ഇതോടെ ഡബ്ല്യു.ടി.ഒയുടെ നേ‌തൃസ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കൻ വംശജയുമാണ് എൻഗോസി.

ഡബ്ല്യു.ടി.ഒയുടെ തലവനാകുന്നതിൽ നിന്നും ദക്ഷിണകൊറിയൻ വാണിജ്യമന്ത്രി യൂ മ്യൂങ് ഹി പിൻവാങ്ങിയതോടെയാണ് എൻഗോസിയെ തിരഞ്ഞെടുത്തത്. ലോക ബാങ്കിൽ നിന്ന് നേടിയ 25വർഷത്തെ പ്രവ‌ർത്തന മികവും രണ്ട് തവണ നൈജിരിയൻ ധനമന്ത്രിയായി സേവനം അനുഷ്ടിച്ചതിൽ നിന്നുള്ള അനുഭവ സമ്പത്തും സാമ്പത്തിക ശാസ്ത്രത്തിലും അന്താരാഷ്ട്ര നയതന്ത്രത്തിലും ഉള്ള അഗാധമായ പാണ്ഡിത്യവുമായാണ് എൻഗോസിയെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്.

അതേസമയം ഡബ്ല്യു..ടി..ഒയുടെ ഡയറക്ട‌ർ ജനറൽ സ്ഥാനത്തേക്ക് അന്തിമഘട്ടത്തിൽ പരിഗണിച്ച ഉന്നതയോഗ്യതയുള്ള രണ്ട് സ്ത്രീകളിൽ നിന്നാണ് എൻഗോസിയെ തിരഞ്ഞെടുത്തത്. ഈ സ്ഥാനത്തേക്കുള്ള അവസാന ഘട്ടത്തിൽ പരിഗണിച്ചവരിൽ രണ്ടുപേരും വനിതകളായിരുന്നു എന്നതാണ് ഡബ്ല്യു.ടി.ഒയുടെ ചരിത്രത്തിൽ എടുത്തുപറയേണ്ട വസ്തുത എന്ന് യു.എസ് ട്രേഡ് പ്രതിനിധി പറഞ്ഞു.

ട്രംപ് ഭരണകൂടം യൂ മ്യൂങ്-ഹിയെയാണ് പിന്തുണച്ചത്. എന്നാൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടം എൻഗോസിയെ ശക്തമായി പിന്തുണച്ചു. സാമ്പത്തിക ശാസ്ത്രത്തിലും അന്താരാഷ്ട്ര നയതന്ത്രത്തിലും അറിവിന്റെ സമ്പത്ത് എന്നാണ് യു.എസ് ട്രേഡ് റെപ്രസെന്റിറ്റീവ് എൻഗോസിയെ വിശേഷിപ്പിച്ചത്. ഒപ്പം തനിക്ക് യു.എസ് പിന്തുണ നൽകിയതിൽ നന്ദി അറിയക്കുന്നതായി എൻഗോസി പ്രതികരിച്ചു.