
കൊച്ചി: താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെതിരെ പരാതി ഉന്നയിച്ച് കോൺഗ്രസ് യുവജന സംഘടനയായ യൂത്ത് കോൺഗ്രസ്. കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടതായും ഇത് രോഗവ്യാപനത്തിന് വഴിവയ്ക്കുമെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ഇത് ചൂണ്ടിക്കാണിച്ച് കൊച്ചി ഡിസിപിക്ക് യുവജന സംഘടന പരാതി നൽകിയിട്ടുണ്ട്. എസി ഹാളിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയില്‍ 150ലധികം പേര്‍ പങ്കെടുത്തുവെന്നും കെട്ടിടത്തിന് പുറത്തതായി പൊതുജനം തടിച്ചുകൂടിയതും താരങ്ങള്‍ ഒത്തുകൂടിയതും ജനക്കൂട്ടം അവിടെ തമ്പടിച്ചതും രോഗവ്യാപനത്തിന് വഴിവെക്കുമെന്നും യൂത്ത് കോൺഗ്രസ് തങ്ങളുടെ പരാതിയിൽ പറയുന്നു.

പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം താരസംഘടനയ്‌ക്കെതിരെ കേസെടുക്കണമെന്നാണ് ഇവർ പരാതിയിൽ ആവശ്യപ്പെടുന്നത്. എറണാകുളം കലൂരിലുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് നിർവഹിച്ചത്. പത്ത് കോടിയോളം രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.

അഭിനേതാക്കൾക്ക് വന്ന് തിരക്കഥ കേൾക്കാനും എഴുത്തുകാർക്കും സംവിധായകർക്കും പറയാനും വേണ്ടി അഞ്ച് ഗ്ലാസ് ചേംബറുകളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.ന്യൂയോർക്കിലെയും മറ്റും മാതൃകകളാണ് ഇവിടെ പരീക്ഷിക്കുന്നതെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നേരത്തെ പറഞ്ഞിരുന്നു.