
തിരുവനന്തപുരം : സംസ്ഥാന സർക്കാർ അനുമതി ലഭിച്ചാൽ കേരളം അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് പരമ്പരയ്ക്ക് വേദിയാകും. അടുത്തുനടക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഏകദിന,ട്വന്റി-20 പരമ്പരകളുടെ വേദിയായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് കാര്യവട്ടത്തെ സ്പോർട്സ് ഹബ്ബും പരിഗണിക്കുന്നുണ്ട്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ മത്സരം സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണ്.
കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാകും മത്സരങ്ങൾ സംഘടിപ്പിക്കുക. ഇന്ത്യൻ ടീമും വിദേശടീമും നിശ്ചിത ദിവസം ക്വാറന്റൈൻ പൂർത്തിയാക്കി ബയോ സെക്യുർ ബബിളിലായിരിക്കും കഴിയുക. സ്റ്റേഡിയങ്ങളിൽ പകുതി കാണികളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ അനുമതിയുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ നിബന്ധനകൾക്ക് വിധേയമായി കാണികളില്ലാതെ നടത്താനും ബി.സി.സി.ഐ തയ്യാറാകുമെന്നറിയുന്നു.
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മൂന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് സ്പോർട്സ് ഹബ് വേദിയായിട്ടുണ്ട്.2017ൽ ന്യൂസിലാൻഡുമായുള്ള ട്വന്റി-20 ആയിരുന്നു ആദ്യം. വിൻഡീസുമായി 2018ൽ ഏകദിനവും 2019ൽ ട്വന്റി-20യും നടന്നു.
കൊവിഡ് പോരാട്ടത്തിന് 20 ലക്ഷം നൽകി കെ.സി.എ
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി കേരള ക്രിക്കറ്റ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷംരൂപ സംഭാവന നൽകി.ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, കെ.സി.എ പ്രസിഡന്റ് സാജൻ .കെ.വർഗീസ്,സെക്രട്ടറി ശ്രീജിത്ത് വി.നായർ, ട്രഷററർ കെ.എം അബ്ദുൽ റഹ്മാൻ,വൈസ് പ്രസിഡന്റ് റാഫർ സേട്ട് എന്നിവർകഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ചെക്ക് കൈമാറി.നേരത്തേ പ്രളയ ദുരിതാശ്വാസത്തിനായി 65 ലക്ഷം കെ.സി.എ നൽകിയിരുന്നു.