
ന്യൂഡൽഹി: പ്രത്യേക പരിശീലനം നേടിയ കമാൻഡോ സംഘമായ കോബ്രയുടെ ആദ്യ വനിതാ ബറ്റാലിയൻ സി. ആർ.പി. എഫിന്റെ ഭാഗമായി. വനിതകളുടെ 34 സി. ആർ.പി. എഫ് ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡാണ് ഇന്നലെ നടന്നത്.
രാജ്യത്തിന്റെ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെപോരാടാനായി 2009ൽ രൂപീകരിച്ച പ്രത്യേക പരിശീലനം നേടിയ സൈനിക വിഭാഗമാണ് കോബ്ര.ഹരിയാനയിലെ കാഡർപൂര്‍ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ എ.പി മഹേശ്വരി പങ്കെടുത്തു.സി.ആർ.പി.എഫിന്റെ ആറ് വനിതാ ബറ്റാലിയനുകളിൽ നിന്നാണ് കോബ്രാ സംഘത്തിലേക്ക് കമാൻഡോകളെ തിരഞ്ഞെടുത്തത്.മൂന്ന് മാസത്തെ പ്രത്യേക പരിശിലനം കൂടി പൂർത്തിയാക്കിയശേഷം ഇവരെ നക്സൽ ബാധിത സംസ്ഥാനമായ ചത്തീസ്ഗഡിലെ സുക്മ, ദന്തേവാഡ, ബിജാപൂർ തുടങ്ങിയ ജില്ലകളിൽ വിന്യസിക്കുമെന്ന് സി.ആർ.പി.എഫ് വക്താവ് വ്യക്തമാക്കി.ഇന്ത്യയിലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് നിലവിൽ കോബ്രയുടെ സേവനം ഉറപ്പാക്കിയിരിക്കുന്നത്.