
മുംബയ്: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം ജനുവരി 29ന് സമാപിച്ച വാരത്തിൽ 485 കോടി ഡോളറിന്റെ വർദ്ധനയുമായി എക്കാലത്തെയും ഉയരമായ 59,018 കോടി ഡോളറിലെത്തി. ശേഖരം 59,000 കോടി ഡോളർ കടക്കുന്നതും ആദ്യമാണ്. മുൻവർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് ശേഖരത്തിലുണ്ടായ വർദ്ധന 11,900 കോടി ഡോളറാണ്. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ 109 കോടി ഡോളറിന്റെ വർദ്ധനയും ശേഖരം കുറിച്ചിരുന്നു.
ശേഖരത്തിൽ മുഖ്യപങ്കുവഹിക്കുന്ന വിദേശ നാണയ ആസ്‌തി കഴിഞ്ഞവാരം 503 കോടി ഡോളർ ഉയർന്ന് 54,722 കോടി ഡോളറായെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കി. ഡോളറിലാണ് വ്യക്തമാക്കുന്നതെങ്കിലും കരുതൽ നാണയശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. അതേസമയം, കഴിഞ്ഞവാരം ഇന്ത്യയുടെ കരുതൽ സ്വർണശേഖരം 16.4 കോടി ഡോളർ താഴ്‌ന്ന് 3,629 കോടി ഡോളറായി.