
ബെയ്റൂട്ട്: ബെയ്റൂട്ട് തുറമുഖത്തെ സ്ഫോടനത്തിൽപ്പെട്ട 52 കണ്ടെയ്നറുകൾ തുറമുഖത്തുനിന്നും നീക്കം ചെയ്യുമെന്ന് ജർമ്മൻ അംബാസഡർ അറിയിച്ചു. ജനങ്ങൾക്ക് ഭീഷണിയായ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന രാസവസ്ഥുക്കൾ ഹെവി ലിഫ്‌റ്റ് ട്രാൻസ്പോർട്ട് എന്ന ജർമ്മൻ കമ്പനി സംസ്കരിച്ചതായി അധികൃതർ അറിയിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് സംഭരിച്ചിരുന്ന അപകടകരമായ അണുവികിരണശേഷിയുള്ള അമോണിയം നൈട്രേറ്റ് സംഭരിച്ചുവച്ചിരുന്നത് ആശങ്കകൾക്ക് കാരണമായിരുന്നു. ഇവയ്ക്ക് തീപിടിച്ചാൽ ബെയ്റൂട്ട് ലോകത്തുനിന്നും തുടച്ചുനീക്കപ്പെടുമെന്ന് തുറമുഖ മേധാവി ബാസെം അൽ കൈസി കഴിഞ്ഞ നവംബറിൽ പറഞ്ഞിരുന്നു.
തുടർന്നാണ് അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്ന കണ്ടെയ്നറുകൾ വൃത്തിയാക്കാനും ഇവ സംസ്കരിക്കാനും കമ്പനിയുമായി കരാർ ഒപ്പിട്ടത്. തുറമുഖത്തെ കണ്ടെയ്നറുകളിൽ ചിലതിൽ നിന്ന് രാസവസ്തുക്കൾ ചോരുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. തുടർന്നാണ് ഇവ നീക്കം ചെയ്യാൻ നടപടിയായത്. 3.6 മില്യൺ ഡോളറിന്റെ കരാറിനാണ് ഒപ്പിട്ടത്. ഇതിന്റെ ഭാഗമായി രാസവസ്ഥുക്കൾ ഇവിടെനിന്നും മാറ്റുന്നത്. ഇതിനായി തുറമുഖ അതോറിട്ടി 2 മില്യൺ ഡോളർ നൽകുമെന്നാണ് വിവരം. ഇവ നീക്കം ചെയ്യാനുള്ള വൈദഗ്ദ്ധ്യം തങ്ങളുടെ പക്കലില്ലെന്ന് ലെബനൻ സൈന്യവും തുറമുഖ അതോറിട്ടിയും പറഞ്ഞു.
കഴിഞ്ഞവർഷം ഓഗസ്റ്റ് 20നാണ് ഇവിടെ സ്ഫോടനം നടന്നത്. 192പേർ മരിക്കുകയും 6500ഓളം പേർക്ക്പരിക്കേൽക്കുകയും ചെയ്തു. ഇനിയും കണ്ടുകിട്ടാത്തവരും ഉണ്ട്. കഴിഞ്ഞ ആറ് വർഷമായി ലെബനൻ സർക്കാർ കണ്ടുകെട്ടിയതും തുറമുഖത്ത് സൂക്ഷിക്കുകയും ചെയ്ത 2750 ടൺ അമോണിയം നൈട്രേറ്റാണ് ഇത്രയും വലിയ സ്ഫോടനത്തിന് കാരണമായതെന്ന് ലെബനൻ ജനറൽ സെക്യുരിറ്റി ഡയറക്ടർ ജനറൽ പറഞ്ഞിരുന്നു.