
ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ
ജോ റൂട്ടിന് ഡബിൾ സെഞ്ച്വറി
ചെന്നൈ: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടി മുന്നിൽ നിന്ന് നയിക്കുന്ന നായകൻ ജോ റൂട്ടിന്റെ (218) ബാറ്റിംഗിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ അവർ 8 വിക്കറ്റ് നഷ്ടത്തിൽ 555 എന്ന നിലയിലാണ്.
സൂപ്പർ ആൾറൗണ്ടർ ബെൻ സ്റ്റോക്സ് അർദ്ധ സെഞ്ച്വറിയുമായി (82) റൂട്ടിന് മികച്ച പിന്തുണ നൽകി. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 28 റൺസുമായി ഡൊമനിക് ബെസ്സും 6 റൺസ് നേടിയ ജാക്ക് ലീച്ചുമാണ് ക്രീസിൽ.
ഒന്നാം ദിനത്തിലെപ്പോലെ രണ്ടാം ദിനത്തിലും ഇന്ത്യൻ ബൗളർമാർക്ക് ചെപ്പോക്കിലെ ഫ്ലാറ്റ് വിക്കറ്റിൽ തിരിച്ചടി തന്നെയായിരുന്നു. ജോ റൂട്ടിനെ പുറത്താക്കിയതും ഇശാന്ത് ഒരോവറിൽ അടുപ്പിച്ച് രണ്ട് വിക്കറ്റെടുത്തതും മാത്രമാണ് രണ്ടാം ദിനത്തിൽ ഇന്ത്യയുടെ ആശ്വാസ നിമിഷങ്ങൾ.
ഇംഗ്ലണ്ടിന്റെ വാലറ്റവും ചെറുത്ത് നിന്നതോടെ ഇന്ത്യ പ്രതിസന്ധിയിലാവുകയായിരുന്നു.
നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കാഡ് ഇന്നലെ ജോ റൂട്ട് സ്വന്തമാക്കി. 2021ൽ റൂട്ടിന്റെ രണ്ടാം ഡബിൾ സെഞ്ച്വറിയാണിത്.
അശ്വിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സർ പറത്തിയാണ് റൂട്ട് ഇരട്ട സെഞ്ച്വറിയിലെത്തിയത്. അവസാനം കളിച്ച മൂന്ന് ഇന്നിംഗ്സുകളിലും റൂട്ട് സെഞ്ച്വറി നേടി. ഇതിൽ രണ്ടെണ്ണം ഡബിൾ സെഞ്ച്വറിയാക്കാനും ഇംഗ്ലണ്ട് നായകനായി.
263/3 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് റൂട്ടിന്റേയും ഒന്നാം ദിനം അവസാന പന്തിൽ ഔട്ടായ സിബ്ലിക്ക് പകരമെത്തിയ സ്റ്റോക്സിന്റേയും ചിറകിലേറി മുന്നോട്ട് കുതിക്കുകയായിരുന്നു.
ഇരുവരും നാലാം വിക്കറ്റിൽ 124 റൺസ് കൂട്ടിച്ചേർത്തു. സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന സ്റ്റോക്സിനെ പുജാരയുടെ കൈയിൽ എത്തിച്ച് ഷഹബാസ് നദീമാണ് കൂട്ടുകെട്ട് തകർത്തത്.
118 പന്ത് നേരിട്ട സ്റ്റോക്സ് 10 ഫോറും 3 സിക്സുമുൾപ്പെടെയാണ് 82 റൺസെടുത്ത് മടങ്ങിയത്. പിന്നീടെത്തിയ ഒലി പോപ്പും (34) ക്യാപ്ടന് പിന്തുണ നൽകി. അഞ്ചാം വിക്കറ്റിൽ ഇരുവരും 86 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.
പോപ്പിനെ അശ്വിൻ എൽബിയിൽ കുരുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ഡബിൾ സെഞ്ച്വറിയുമായി സന്ദർശകരുടെ നെടുംതൂണായ റൂട്ടിനെ എൽബിയിൽ കുരുക്കി നദിം ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. 536 പന്ത് നേരിട്ട റൂട്ട് 19 ഫോറും 2 സിക്സും നേടി.
തുടർന്ന് 169-ാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ ജോസ് ബട്ട്ലറേയും (30) ജോഫ്ര ആർച്ചറേയും (0) ക്ലീൻബൗൾഡാക്കി ഇശാന്ത് ഇന്ത്യൻ പ്രതീക്ഷകളെ ജീവൻവെപ്പിച്ചു.
എന്നാൽ പിന്നീട് വിക്കറ്റ് നഷ്ടപ്പെടുത്താതെ ബെസ്സും ലീച്ചും ഇംഗ്ലണ്ടിനെ രണ്ടാം ദിനം കടത്തുകയായിരുന്നു. ഇന്ത്യയ്ക്കായി ഇശാന്തും ബുംറയും നദീമും അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.