
മനാമ: ബഹ്റൈനിൽ കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കാൻ ദേശീയ ആരോഗ്യ രക്ഷാസേനയുടെ നിർദ്ദേശം. ഇന്നുമുതൽ നിയന്ത്രണം ആരംഭിക്കും. ഫെബ്രുവരി 21 വരെയാണ് പുതിയ നിയന്ത്രണം. സർക്കാർ സ്ഥാപനങ്ങളിലെ 70 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ജിംനേഷ്യങ്ങൾ, സ്പോർട്സ് സെന്ററുകൾ, സ്വിമ്മിംഗ്പൂളുകൾ എന്നിവ അടച്ചിടും. ഔട്ട്ഡോർ കായിക വിനോദങ്ങളിൽ പരമാവധി 30 ആളുകളെ പങ്കെടുപ്പിക്കാം. ഇൻഡോർ കായിക പരിശീലനങ്ങൾ താൽകാലികമായി നിറുത്തിവെക്കും. വീടുകളിലും, സ്വാകാര്യ സ്ഥലങ്ങളിലും 30 പേരിലധികം ഒത്തുചേരാൻ പാടില്ല.. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 377 ആയി. 73കാരനായ സ്വദേശിയാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതിനിടെ, വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ 704 പുതിയ കോവിഡ് കേസുകൾ കണ്ടെത്തി.